'ലീവ് സറണ്ടർ അനുവദിക്കണം'

Wednesday 18 June 2025 12:00 AM IST

തൃശൂർ: കെ.എസ്.ആർ.ടി.സിയിൽ നിന്നും രാജിവച്ച ജീവനക്കാരന് നിയമപ്രകാരം അർഹമായ 72 ദിവസത്തെ ലീവ് സറണ്ടർ അംഗീകരിച്ച് രണ്ടു മാസത്തിനകം തുക നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം വി.ഗീത ഉത്തരവിട്ടു. സർക്കാർ ഉത്തരവ് നടപ്പിലാക്കാൻ കഴിയില്ലെന്ന് കമ്മിഷനെ കെ.എസ്.ആർ.ടി.സി അറിയിച്ച സാഹചര്യത്തിലാണ് ഉത്തരവ്.

ആനുകൂല്യം നൽകാനാകില്ലെന്ന് കെ.എസ്.ആർ.ടി.സി എക്‌സിക്യൂട്ടിവ് കമ്മിറ്റിക്ക് തീരുമാനമെടുക്കാനാകുമോ എന്നത് പരിശോധിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. തൃശൂർ ഡിപ്പോയിൽ നിന്നും 2013 ജൂൺ നാലിന് രാജി വച്ച് സിവിൽ സപ്ലൈസ് വകുപ്പിൽ ജോലിയിൽ പ്രവേശിച്ച തൃശൂർ സ്വദേശി ടി.ഒ. ജോജു സമർപ്പിച്ച പരാതിയിലാണ് നടപടി. കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർക്കാണ് കമ്മിഷൻ അംഗം വി. ഗീത നിർദ്ദേശം നൽകിയത്.