മിസൈലിന് മുന്നിൽ പതറാത്ത സഹർ താരം

Wednesday 18 June 2025 1:11 AM IST
SAHAR

ടെഹ്റാൻ: ഇറാന്റെ ഐ.ആർ.ഐ.ബി ചാനൽ അവതാരക സഹർ ഇമാനി ഒറ്റ ദിവസംകൊണ്ട് ലോകശ്രദ്ധ നേടി. ഇവർ വാർത്ത അവതരിപ്പിക്കുന്നതിനിടെയാണ് ചാനൽ മന്ദിരത്തിൽ ഇസ്രയേൽ മിസൈലുകൾ പതിച്ചത്. ആദ്യമൊന്ന് പതറിയ സഹർ എണീറ്റ് ഓടിയെങ്കിലും മിനിട്ടുകൾക്കുള്ളിൽ തിരിച്ചെത്തി വാർത്താ വായന തുടർന്നു. ഇനിയും ആക്രമിക്കൂ എന്ന് ഇസ്രയേലിനെ വെല്ലുവിളിച്ചു.

ഇറാനിയൻ സ്ത്രീകളുടെ ധൈര്യത്തിന്റെ പ്രതീകമായാണ് ലോകം അവളെ വിശേഷിപ്പിച്ചത്. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി സഹറിനെ ഇറാന്റെ ശബ്ദമെന്ന് പ്രശംസിച്ചു. ഇറാനിലെ പ്രശസ്തയായ അവതാരകരിലൊരാളാണ് സഹർ. ഫുഡ് എൻജിനിയറിംഗിൽ പരിശീലനം നേടിയ അവർ 2010ലാണ് മാദ്ധ്യമരംഗത്തെത്തുന്നത്. തുടർന്ന് ഇറാനിയൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിംഗ് ഓർഗനൈസേഷനായ ഐ.ആർ.ഐ.ബിയുടെ മുഖമായി മാറി. വിവാഹിതയാണ്. ഒരു ആൺകുഞ്ഞുണ്ട്.