അരക്കോടി രൂപയുമായി ട്രെയിൻ യാത്രികൻ പിടിയിൽ
കൊച്ചി: മയക്കുമരുന്നിനായി ട്രെയിനിൽ തെരച്ചിൽ നടത്തിയ റെയിൽവേ പൊലീസ് ഡാൻസഫ് സംഘം കണക്കിൽപ്പെടാത്ത 50.48 ലക്ഷം രൂപയുമായി യുവാവിനെ കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ര വിഹപൂർ കടേഗോൻ സ്വദേശി രാജേന്ദ്ര അപ്പാസോ ചവാനാണ് (35) ഇന്നലെ തൃശൂരിനും ആലുവയ്ക്കുമിടെ പിടിയിലായത്. ലോക്മാന്യതിലക് - തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് ട്രെയിനിലെ എസ്-4 റിസർവേഷൻ കോച്ചിൽ നിന്നാണ് എറണാകുളം റെയിൽവേ ഡിവൈ.എസ്.പി എം. ജോർജ് ജോസഫിന്റെ നേതൃത്വത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്തത്. കേരളത്തിലേക്ക് വരുന്ന അന്യസംസ്ഥാന ട്രെയിനുകളിൽ മയക്കുമരുന്ന് കടത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നായിരുന്നു പരിശോധന.
രാജേന്ദ്ര അപ്പാസോയുടെ ബാഗിലായിരുന്നു പണം. ഇതിന്റെ ഉറവിടം കാണിക്കുന്ന രേഖകൾ ഉണ്ടായിരുന്നില്ല. മഹാരാഷ്ട്രയിലെ ആഭരണനിർമ്മാതാക്കൾ എറണാകുളത്ത് നിന്ന് പഴയസ്വർണ്ണം വാങ്ങാൻ ഏൽപ്പിച്ചതാണെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു. രത്നഗിരിക്ക് സമീപമുള്ള കൂടൽ സ്റ്റേഷനിൽ നിന്നുള്ള ട്രെയിൻ ടിക്കറ്റും കൈവശമുണ്ടായിരുന്നു. പണം സഹിതം പ്രതിയെ ആദായനികുതി വകുപ്പിന് കൈമാറി.