മേയർക്കെതിരെ വധ ഭീഷണി: പ്രതിക്കെതിരെ വിസാ തട്ടിപ്പ് കേസ്

Wednesday 18 June 2025 2:26 AM IST

കൊല്ലം: മേയർ ഹണി ബഞ്ചമിനെതിരെ വധഭീഷണി മുഴക്കിയ തിരുവനന്തപുരം സ്വദേശി അനിൽകുമാറിനെതിരെ ശക്തികുളങ്ങരയിൽ പുതിയ വഞ്ചനാകേസ് രജിസ്റ്റർ ചെയ്തു. ദുബായ് എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് ശക്തികുളങ്ങര സ്വദേശിയായ യുവാവിൽ നിന്ന് പണം തട്ടിയെന്നാണ് കേസ്.

അഡ്വാൻസായി ഒരുലക്ഷം രൂപയും മെഡിക്കൽ പരിശോധനയ്ക്കായി 6000 രൂപയും സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി 5500 രൂപയും വാങ്ങി കബളിപ്പിച്ചെന്നാണ് കേസ്. വിസ ലഭിക്കുമ്പോൾ ബാക്കി 50,000 രൂപ കൂടി നൽകണമെന്നായിരുന്നു കരാർ. പ്രതിയുടെ തിരുവനന്തപുരത്തുള്ള ബാങ്ക് അക്കൗണ്ടിൽ ഗൂഗിൾ പേ വഴിയാണ് യുവാവ് പൈസ നൽകിയത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത വേളയിലാണ് ഒളിവിലിരിക്കെ വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായി വെളിപ്പെടുത്തിയത്.

പൊലീസ് പ്രതിയുടെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിക്കവെയാണ് ഇയാൾ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം കൈപ്പറ്റുന്നതായി മനസിലാക്കിയത്. ഒരു മലയാള പത്രത്തിൽ തിരുവനന്തപുരത്തുള്ള സ്വകാര്യ റിക്രൂട്ടിംഗ് ഏജൻസിയുടെ പേരും പ്രതിയുടെ ഫോൺ നമ്പരും നൽകിയാണ് ഉദ്യോഗാർത്ഥികളെ ആകർഷിച്ചത്.

മേയറെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷയും നൽകി.

നിരവധി കേസുകളിൽ പ്രതി

2016 മുതൽ 2023 വരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മൂന്ന് വ്യത്യസ്ത വിലാസങ്ങളിൽ നിരവധി വിസാ തട്ടിപ്പ് കേസുകളിൽ പ്രതിയായ ശേഷം ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു. കൊല്ലം ആശ്രമം കാവടിപ്പുറം ജംഗ്ഷനിൽ മൂന്നുവർഷം മുമ്പ് ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്നു. ഈ സമയം പ്രതിയെ കൊല്ലം ഈസ്റ്റ് പൊലീസ് തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തിരുന്നു. അന്ന് പ്രതി വർക്കലയിലുള്ള വിലാസമാണ് നൽകിയത്. വിസയ്ക്ക് പൈസ നൽകിയവർ ട്രാവൽ ഏജൻസിയെയോ പ്രതിയെയോ കണ്ടിരുന്നില്ല. ഫോൺ നമ്പറിൽ ബന്ധപ്പെട്ട് പ്രതി വാഗ്ദാനം നൽകിയത് അനുസരിച്ച് പൈസ നൽകുകയായിരുന്നു. കടയ്ക്കാവൂർ, തമ്പാനൂർ, കൊല്ലം എന്നിവിടങ്ങളിൽ നിന്നെല്ലാം ഉദ്യോഗാർത്ഥികൾ തട്ടിപ്പിനിരയായിട്ടുണ്ട്.