163 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു
ന്യൂഡൽഹി: അഹമ്മദാബാദ് ദുരന്തത്തിൽ ഇതുവരെ 163 പേരുടെ മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 124 പേരുടെ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി. ബാക്കി മൃതദേഹങ്ങളുടെ ഡി.എൻ.എ പരിശോധന പരമാവധി ഇന്നുകൊണ്ട് പൂർത്തിയാക്കാനാണ് ശ്രമമെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. രാകേഷ് ജോഷി പറഞ്ഞു. മലയാളിയും പത്തനംതിട്ട സ്വദേശിയുമായ രഞ്ജിത ആർ. നായരുടെ മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിയാനുള്ള ശ്രമം ഊർജ്ജിതമാണ്. സഹോദരൻ രതീഷ് ഉൾപ്പെടെ കുടുംബാംഗങ്ങൾ അഹമ്മദാബാദിൽ തുടരുന്നു.
പരിക്കേറ്റ ഒൻപത് പേരാണ് സിവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. വിമാനാപകടത്തിൽ 270 പേർ മരിച്ചെന്നാണ് കണക്കുകൾ. ബി.ജെ. മെഡിക്കൽ കോളേജിലെ രണ്ട് എം.ബി.ബി.എസ് വിദ്യാർത്ഥികൾ കൂടി മരിച്ചെന്ന റിപ്പോർട്ടുകൾ അധികൃതർ നിഷേധിച്ചു. നാലു വിദ്യാർത്ഥികൾ മാത്രമാണ് മരിച്ചത്.
പൈലറ്റിന് വികാരനിർഭര യാത്ര അയപ്പ്
അപകടത്തിൽപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീം ലൈനർ വിമാനത്തിന്റെ പൈലറ്റ് സുമീത് സബർവാളിന്റെ മൃതദേഹം ഇന്നലെ മുംബയ് ചകാലയിലെ വൈദ്യുതി ശ്‌മശാനത്തിൽ സംസ്‌കരിച്ചു. പൊവായിയിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നൂറുകണക്കിന് പേർ അന്തിമോപചാരമർപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായ പിതാവിനെ പരിചരിക്കുന്നതിന് ജോലി ഉപേക്ഷിക്കാൻ ക്യാപ്റ്റൻ സുമീത് തീരുമാനിച്ചിരുന്നു. വിവാഹം പോലും വേണ്ടെന്ന് വച്ചിരുന്നു. വർഷങ്ങൾക്കു മുൻപ് അമ്മ മരിച്ചു. മകന്റെ മൃതദേഹത്തിനരികിൽ പിതാവ് പുഷ്‌ക രാജ് സബർവാൾ എത്തിയപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. സംഭവദിവസവും വിമാനത്തിൽ കയറുന്നത് മുൻപ് സുമീത് പിതാവിനെ ഫോണിൽ വിളിച്ചിരുന്നു.
ദൃശ്യങ്ങൾ പുറത്ത്
വിമാനാപകടമുണ്ടായ നിമിഷങ്ങളിൽ ബി.ജെ. മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ മുകൾ നിലകളിൽ നിന്ന് വിദ്യാർത്ഥികൾ താഴേക്ക് ചാടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നു. സാമൂഹിക മാദ്ധ്യമങ്ങളിൽ വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ബാൽക്കണികളിൽ നിന്ന് തുണികൾ ഉപയോഗിച്ച് താഴേക്ക് ഊർന്നിറങ്ങുന്നത് വീഡിയോയിൽ കാണാം.