ഡ്രീംലൈനർ ആശങ്ക തുടർക്കഥ, ഇന്നലെയും റദ്ദാക്കി എട്ട് രാജ്യാന്തര സർവീസുകൾ
ന്യൂഡൽഹി : സാങ്കേതിക തകരാർ ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഇന്നലെയും എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീം ലൈനർ വിമാനത്തിന്റെ വിവിധ രാജ്യാന്തര സർവീസുകൾ റദ്ദാക്കി. എട്ടോളം സർവീസുകളെയാണ് ബാധിച്ചത്. ഡൽഹി - ദുബായ്, ഡൽഹി - വിയന്ന, ഡൽഹി- പാരിസ്, പാരിസ്-ഡൽഹി, അഹമ്മദാബാദ് - ലണ്ടൻ, ലണ്ടൻ - അമൃത്സർ, ബംഗളൂരു- ലണ്ടൻ, മുംബയ്- സാൻഫ്രാൻസിസ്കോ സർവീസുകൾ റദ്ദാക്കി. സർവീസിന് മുന്നോടിയായി സമഗ്രമായ സുരക്ഷാപരിശോധന വ്യോമയാന മന്ത്രാലയം നിർബന്ധമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിവിധ സാങ്കേതിക പ്രശ്‌നങ്ങൾ കണ്ടെത്തിയത്. അതേസമയം, സാൻഫ്രാൻസിസ്കോ - കൊൽക്കത്ത - മുംബയ് എയർ ഇന്ത്യ വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ കൊൽക്കത്തയിൽ യാത്രക്കാരെ ഇറക്കി.
വിശദീകരിച്ച് എയർ ഇന്ത്യ
അഹമ്മദാബാദ് - ലണ്ടൻ സർവീസ് റദ്ദാക്കിയത് സാങ്കേതിക തകരാർ കാരണമല്ലെന്ന് എയർ ഇന്ത്യ. വ്യോമാതിർത്തിയിലെ നിയന്ത്രണങ്ങളും അധിക മുൻകരുതൽ പരിശോധനകളും കാരണം സർവീസിന് വിമാനം ലഭ്യമായില്ലെന്നാണ് വിശദീകരണം. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ഹോട്ടൽ താമസവും, ഫുൾ റീഫണ്ട് അല്ലെങ്കിൽ കോംപ്ലിമെന്ററി റീഷെഡ്യൂളിംഗ് സൗകര്യവും ഏർപ്പെടുത്തി.
തുടർച്ചയായ ദിവസങ്ങളിൽ
അഹമ്മദാബാദിൽ ജൂൺ 12ന് എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീം ലൈനർ ശ്രേണിയിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച ഹോങ്കോംഗ് - ഡൽഹി ഡ്രീംലൈനർ വിമാനം പറന്നുയർന്ന് 15 മിനിട്ടായപ്പോൾ സാങ്കേതിക തകരാർ കണ്ടതിനു പിന്നാലെ ഹോങ്കോംഗ് വിമാനത്താവളത്തിൽ തിരിച്ചിറക്കിയിരുന്നു. തിങ്കളാഴ്ച ഫ്രാങ്ക്ഫർട്ട് - ഹൈദരാബാദ്, ലണ്ടൻ - ചെന്നൈ ഡ്രീംലൈനർ വിമാനവും തിരിച്ചറക്കി. അന്നേദിവസം ഡൽഹി - റാഞ്ചി വിമാനം ഡൽഹിയിൽ അടിയന്തര ലാൻഡിംഗ് നടത്തി.
പിടിമുറുക്കി ഡി.ജി.സി.എ
ഇന്നലെ എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ് ഉന്നതരുമായി ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അധികൃതർ ചർച്ച നടത്തി. ഓൺലൈൻ ആയിട്ടായിരുന്നു യോഗം. അഹമ്മദാബാദ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നടന്ന യോഗത്തിൽ ഡ്രീംലൈനറുകളുടെ ഉൾപ്പെടെ സാങ്കേതിക തകരാറുകൾ സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നുവെന്നാണ് സൂചന. പൈലറ്റുമാർക്ക് പരിശീലനം നൽകിയതിന്റെ രേഖകൾ ഉൾപ്പെടെ സമർപ്പിക്കാൻ എയർ ഇന്ത്യയ്‌ക്കും എയർ ഇന്ത്യ എക്‌സ്‌പ്രസിനും നിർദ്ദേശം നൽകി. ഇതിനിടെ, ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനും ബോയിംഗ് കമ്പനി കമേഴ്സ്യൽ എയർപ്ലെയ്ൻസ് മേധാവിയുമായ സ്റ്റെഫാനി പോപും തമ്മിൽ കൂടിക്കാഴ്ച നടത്തി. ടാറ്റ ഗ്രൂപ്പിനാണ് ഇപ്പോൾ എയർ ഇന്ത്യയുടെ ഉടമസ്ഥത.