വ്യപാരിക്കെതിരായ വെർച്വൽ അറസ്റ്റ് ഭീഷണി പൊളിച്ചടുക്കി

Wednesday 18 June 2025 1:43 AM IST

പാലാ: ഓൺലൈനിലൂടെ വെർച്വൽ അറസ്റ്റിന്റെ പേരിൽ പണം തട്ടിയെടുക്കാനുള്ള ശ്രമം പൊളിച്ച് പാലാ പൊലീസ്. പാലായിൽ ബിസിനസുകാരനായ രാജു ആലയ്ക്കപള്ളിയെയാണ് ബോംബെ ടെലികോം സർവീസിൽനിന്ന് എന്ന വ്യാജേനെ വിളിച്ച് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചത്.

രാജുവിന്റെ പേരിൽ ഒരു സിം കാർഡ് മുംബയ്‌യിൽ ഉണ്ടെന്നും അതിൽ നിന്ന് മറ്റുള്ളവർക്ക് അനാവശ്യ മെസേജുകൾ അയക്കുന്നതായി പരാതിയുണ്ടെന്നും പറഞ്ഞാണ് തട്ടിപ്പുകാർ വിളിച്ചത്. ഉടൻ മുംബയ്‌യിൽ എത്തണമെന്നും സ്റ്റേറ്റ്മെന്റ് എടുക്കണമെന്നും അല്ലാത്തപക്ഷം അറ‌സ്റ്റ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നുമാണ് ഫോണിൽ കൂടി തട്ടിപ്പു സംഘം അറിയിച്ചത്. പലതവണ ഫോണിൽ വിളിച്ച് ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി.

തുടർന്ന് രാജു പാലാ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. രാജു പൊലീസ് സ്റ്റേഷനിൽ അയിരിക്കുന്ന സമയത്ത് തട്ടിപ്പുകാർ വീഡിയോ കോൾ വിളിക്കുകയും സ്റ്റേറ്റ്മെന്റ് എടുക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഉടൻ പാലാ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ വീഡിയോ കോൾ എടുത്തപ്പോൾ മുംബയ് പോലീസ് സ്റ്റേഷനിൽ നിന്നാണ് വിളിക്കുന്നതെന്നും രാജുവിനെതിരെ കേസ് ഉണ്ടെന്നും പറഞ്ഞു. ഇതു കേരള പോലീസ് ആണെന്ന് പറഞ്ഞതോടെ തട്ടിപ്പുകാരൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.