മെഡി.കോളേജ് നേത്രവിഭാഗത്തിൽ മെഷീൻ തകരാറിൽ... കണ്ണ് തുറന്ന് കണ്ടൂടേ രോഗികളുടെ ദുരിതം
കോട്ടയം : ദിനം പ്രതി നൂറുകണക്കിന് ആളുകൾ ചികിത്സതേടിയെത്തുന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നേത്രവിഭാഗത്തിലെ ലേസർ മെഷീൻ തകരാറിലായതോടെ രോഗികൾക്ക് ദുരിതം. അന്യജില്ലകളിൽ നിന്നുൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തുമ്പോഴാണ് വിവരം അറിയുന്നത്. തുടർന്ന് നിരാശരായി മടങ്ങുകയാണ്.
വർഷം ഒന്നായിട്ടും തകരാർ പരിഹരിക്കുന്നതിനോ, പുതിയത് ഏർപ്പെടുത്തുന്നതിനോ ആശുപത്രി അധികൃതർ നടപടി സ്വീകരിക്കുന്നില്ല. കണ്ണിലുണ്ടാകുന്ന വിവിധ രോഗങ്ങൾക്ക് ലേസർ ചികിത്സ സഹാകമായിരുന്നു. കൃഷ്ണമണിയിലെ പ്രഷർ ലേസർ ഉപയോഗിച്ച് നിയന്ത്രിക്കാം. കണ്ണിലുണ്ടാകുന്ന ഒരു തരം ദ്രാവകത്തിന്റെ അളവ് കൂടി ഇത് പുറത്തേക്ക് പോകാതിരിക്കുന്ന അവസ്ഥയിൽ റെറ്റിനയിൽ പ്രഷർ വ്യതിയാനം സംഭവിക്കാം. ഇത് പരിഹരിക്കുന്നതിന് ലേസർ ഉപയോഗിച്ച് സുഷിരം ഉണ്ടാക്കി ദ്രാവകത്തെ പുറത്തേക്ക് കളയുന്നതാണ് രീതി. കണ്ണിലെ റെറ്റിനയുടെ നടുഭാഗത്തെ ഞരമ്പിന് ബാധിക്കുന്ന നീര്, കൊഴുപ്പ്, ബ്ലീഡിംഗ് , ഞരമ്പിന്റെ കട്ടി എന്നിവ കണ്ടെത്തുന്നതിനുള്ള ഒ.സി.ടി മെഷീന്റെ പ്രവർത്തനവും കാര്യക്ഷമമല്ല.
കീശ കീറും സ്വകാര്യ ആശുപത്രികളിൽ ലേസറും ഒ.സി.ടിയും എടുക്കുന്നതിന് രോഗികൾ മറ്റ് സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട ഗതികേടിലാണ്. അതും ഭീമമായ പണം നൽകണം. ഒരു തവണ ലേസർ ചെയ്യണമെങ്കിൽ 3000- 4000 രൂപ വരെയാണ്. സാമ്പത്തികശേഷിയില്ലാത്തവരാണ് കൂടുതലായും മെഡിക്കൽ കോളേജിനെ ആശ്രയിച്ചിരുന്നത്. ജില്ലാ ജനറൽ ആശുപത്രിയിൽ ലേസർ ചികിത്സയുണ്ടെങ്കിലും എല്ലാത്തരം ലെൻസുമില്ല.
''നാല് ജില്ലകളിൽ നിന്ന് നിരവധിപ്പേർ ചികിത്സതേടിയെത്തുന്ന ആശുപത്രിയാണ് കോട്ടയം മെഡിക്കൽ കോളേജ്. നേത്രവിഭാഗത്തിലെ മെഷീനുകളുടെ തകരാർ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണം. പാവപ്പെട്ടവർക്ക് സ്വകാര്യ ആശുപത്രികളിൽപ്പോയി ഇത്രയും പണം മുടക്കാനാകില്ല.
( രോഗികളും ആശ്രിതരും)