മൃതദേഹം ചേമ്പിലയിൽ പൊതിഞ്ഞ് ഉപേക്ഷിച്ചു; പത്തനംതിട്ടയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം

Wednesday 18 June 2025 7:09 AM IST

പത്തനംതിട്ട: മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കടുപ്പിക്കാനൊരുങ്ങി ഇലവുംതിട്ട പൊലീസ്. കുഞ്ഞിന്റെ മരണം കൊലപാതകമാണെന്നാണ് പൊലീസ് കരുതുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുളളൂവെന്നും പൊലീസ് അറിയിച്ചു. കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് കുഞ്ഞിന്റെ പോസ്റ്റ്മോ‌‌ർട്ടം നടക്കും.

ഇന്നലെ പുലർച്ചെ നാലുമണിയോടെയാണ് 21കാരി കുഞ്ഞിന് ജന്മം നൽകിയത്. ഗർഭിണിയാണെന്ന കാര്യം യുവതി കുടുംബാംഗങ്ങളോട് മറച്ചുവച്ചിരുന്നു. രക്തസ്രാവത്തെത്തുടർന്ന് യുവതി ചെങ്ങന്നൂരിലെ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ഉടൻ തന്നെ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

വീട്ടിൽ പ്രസവിച്ചതിന് തൊട്ടുപിന്നാലെ കരച്ചിൽ കേൾക്കാതിരിക്കാൻ കുഞ്ഞിന്റെ വായ പൊത്തിപിടിച്ചെന്നും ചേമ്പിലയിൽ പൊതിഞ്ഞ് അയൽവീടിന്റെ പറമ്പിൽ തള്ളിയെന്നും യുവതി മൊഴി നൽകിയിരുന്നു. കാമുകനിൽ നിന്നാണ് ഗർഭിണി ആയതെന്നും യുവതി അറിയിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനുശേഷം ഡോക്ടർമാർ നൽകുന്ന വിവരം അനുസരിച്ചാകും പൊലീസ് എഫ്ഐആറിൽ മാറ്റം വരുത്തുക. യുവതിയുടെ ബന്ധുക്കളെയും കാമുകനെയും വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.