കിഴക്കൻ ഇന്തോനേഷ്യയിൽ അഗ്നിപർവ്വത സ്ഫോടനം; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി, ബാലി സർവീസുകൾ പ്രതിസന്ധിയിൽ

Wednesday 18 June 2025 11:28 AM IST

ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിലുണ്ടായ ശക്തമായ അഗ്നിപർവ്വത സ്‌ഫോടനത്തെ തുടർന്ന് ബാലിയിലേക്കുളള നിരവധി അന്താരാഷ്ട്ര വിമാനങ്ങളുടെ സർവീസുകൾ പ്രതിസന്ധിയിലായി. എയർ ഇന്ത്യ ഉൾപ്പടെയുളള വിമാനങ്ങളുടെ സർവീസുകൾ റദ്ദാക്കുകയും വഴിത്തിരിച്ചുവിടുകയും ചെയ്തു. ഇന്ന് രാവിലെ ഡൽഹിയിൽ നിന്ന് ബാലിയിലേക്ക് പുറപ്പെട്ട എഐ 2145 വിമാനവും അഗ്നിപർവത സ്ഫോടന വിവരം ലഭിച്ചതിനെ തുടർന്ന് യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് തിരിച്ചിറക്കി.

വിമാനം സുരക്ഷിതമായി ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌തെന്നും എല്ലാ യാത്രക്കാരെയും പുറത്തിറക്കിയെന്നും എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടിൽ കമ്പനി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. തിരികെയെത്തിയ യാത്രക്കാർക്ക് ഹോട്ടലുകളിൽ താമസ സൗകര്യം ഏർ‍പ്പെടുത്തും. ടിക്കറ്റ് റദ്ദാക്കാൻ തീരുമാനിക്കുന്നവർക്ക് മുഴുവൻ തുകയും തിരികെ നൽകുകയോ അല്ലെങ്കിൽ പകരം സംവിധാനം ഒരുക്കുകയോ ചെയ്യുമെന്ന് കമ്പനി വക്താവ് അറിയിച്ചിട്ടുണ്ട്. അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് മറ്റ് പല കമ്പനികളുടെയും ബാലി വിമാന സ‍ർവീസുകൾ റദ്ദാക്കിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

വിർജിൻ ഓസ്ട്രേലിയ, ജെറ്റ്‌സ്റ്റാർ, എയർ ന്യൂസിലാൻഡ്, ടൈഗർ എയർ, ജുനിയാവോ എയർലൈൻസ് എന്നീ വിമാനങ്ങളും ബാലിയിലേക്കുളള സർവീസുകൾ നിർത്തിവച്ചതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്തോനേഷ്യയിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിലൊന്നായ മൗണ്ട് ലെവോട്ടോക്കി ലക്കി ലക്കിയാണ് ഇന്നലെ വൈകുന്നേരത്തോടെ പൊട്ടിത്തെറിച്ചത്. കഴിഞ്ഞ നവംബറിലും ഇവിടെ അഗ്നിപർവ്വത സ്ഫോടനമുണ്ടായിരുന്നു. അന്നത്തെ അപകടത്തിൽ മാത്രം ഒമ്പത് മരണമാണ് റിപ്പോർട്ട് ചെയ്തത്.

അതേസമയം, കനത്ത മഴയെ തുടർന്ന് ലാവാ പ്രവാഹത്തിന് സാദ്ധ്യതയുണ്ടെന്ന് ഇന്തോനേഷ്യയിലെ ജിയോളജി ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താമസക്കാരോടും യാത്രക്കാരോടും ജാഗ്രത പാലിക്കാൻ അഭ്യർത്ഥിച്ചു. അഗ്നിപർവ്വത സ്ഫോടനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.