ആ മോഹൻലാൽ ചിത്രം പരാജയപ്പെട്ടു; പിന്നാലെ വിളിച്ച് ലാൽ സാർ പറഞ്ഞത്, ഒരു ഓഫറും തന്നു

Wednesday 18 June 2025 12:48 PM IST

മോഹൻലാൽ, മമ്മൂട്ടി, ജയറാം അടക്കമുള്ള താരങ്ങളുടെ കൂടെ പ്രവർത്തിച്ചിട്ടുള്ളയാളാണ് നടനും പ്രൊഡക്ഷൻ കൺട്രോളറുമൊക്കെയായ രാമു മംഗലപ്പള്ളി. ഇവർക്കൊപ്പമുള്ള അനുഭവങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹമിപ്പോൾ. അഞ്ച് മിനിട്ടിൽ റെഡിയാകുന്നയാളാണ് മമ്മൂട്ടിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാമു.

നാളെ ഏഴ് മണിക്ക് ഷൂട്ടിംഗ് തുടങ്ങുമെന്ന് പറഞ്ഞാൽ പിറ്റേന്ന് കൃത്യസമയത്ത് മോഹൻലാൽ സെറ്റിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. 'ഏത് സംവിധായകനായാലും ലാൽ സാർ അദ്ദേഹത്തെ ലൊക്കേഷനിൽ വെയ്റ്റ് ചെയ്യിക്കില്ല. വർക്കിൽ കോംപ്രമൈസേയില്ല. അതുകൊണ്ടാണല്ലോ അവർ വളർന്നത്.'- അദ്ദേഹം വ്യക്തമാക്കി.

മോഹൻലാലിന്റെ മിഴികൾ സാക്ഷിയെന്ന ചിത്രത്തിന്റെ എക്‌സി‌ക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയായിരുന്നു രാമു മംഗലപ്പള്ളി. സിനിമ പരാജയപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. 'നല്ല സിനിമയായിരുന്നുവെന്നാണ് അത് കണ്ടവരെല്ലാം പറഞ്ഞത്. അവർ തീയേറ്ററിൽ പോയി കണ്ടിരുന്നെങ്കിൽ നമുക്ക് ബുദ്ധിമുട്ടില്ലായിരുന്നു. ഓടിയോ എന്ന് ചോദിച്ചാൽ ഓടി. ഡിസ്ട്രിബ്യൂട്ടേഴ്സ് അഡ്വാൻസും, തീയേറ്റർ റെന്റൊക്കെ സിനിമ കൊണ്ട് കിട്ടി. പക്ഷേ നിർമാതാവിന്റെ പൈസയെന്ന് പറയുന്നത് കിട്ടിയില്ലായിരുന്നു.

ആ സമയത്ത് ലാൽ സാർ എന്നെ വിളിച്ചു, ശ്രീമൂലം ക്ലബിൽ വരുത്തി. പലരും ആ സിനിമയെപ്പറ്റി ലാൽ സാറിനെ വിളിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞത്. പടം എങ്ങനെ പോയെന്ന് എന്നോട് ചോദിച്ചു. അപ്പോൾ ഞാൻ കാര്യം പറഞ്ഞു. സാരമില്ല, വിഷമിക്കേണ്ട നമുക്ക് വേറോരു പടം ചെയ്യാമെന്ന് ലാൽ സാറിന് പറയാൻ തോന്നി. പിന്നെ എനിക്കതിനുള്ള സാമ്പത്തിക ശേഷിയില്ലായിരുന്നു. അതുകൊണ്ട് ചെയ്തില്ല. ആ വാക്കും പറഞ്ഞ് ഇപ്പോൾ പോയാലും ലാൽ സാർ അത് ശരിയാക്കിത്തരും. അങ്ങനെയൊന്നും മറക്കുന്നയാളൊന്നുമല്ല ലാൽ സാർ'- അദ്ദേഹം പറഞ്ഞു.