ഇനി 3,000 രൂപ മാത്രം, ഒരു വർഷം ടോൾഫ്രീ യാത്ര; പുതിയ ഫാസ്റ്റ് ടാഗ് പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി

Wednesday 18 June 2025 2:32 PM IST

ന്യൂഡൽഹി: ഹെെവേ യാത്രികർക്കായി 3,000 രൂപയുടെ വാർഷിക ഫാസ്റ്റ് ടാഗ് വാർഷിക പാസ് പ്രഖ്യാപിച്ച് കേന്ദ്ര റോഡ് ഹെെവേ ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. തന്റെ എക്സ് പേജിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പാസ് വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് മാത്രമാണ് ലഭ്യമാകുകയെന്ന് അദ്ദേഹം വ്യക്തമാക്കി. 3,000 രൂപ വിലയുള്ള ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാർഷിക പാസാണ് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്.

ആക്ടിവേഷൻ തീയതി മുതൽ ഒരു വർഷം വരെ അല്ലെങ്കിൽ 200 യാത്രക്കൾ വരെ സാധുതയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ ഏതാണ് ആദ്യം വരുന്നത് എന്നതിന് അനുസരിച്ച് ഈ പാസ് ഉപയോഗിക്കാം. ആക്ടിവേഷനും പുതുക്കലിനുമുള്ള ലിങ്ക് രാജ് മാർഗ് യാത്ര ആപ്പ്, എൻഎച്ച്എഐ (നാഷണൽ ഹൈവേസ് അസോസിയേഷൻ ഓഫ് ഇന്ത്യ), MoRTH (റോഡ് ഗതാഗത ഹെെവേ മന്ത്രാലയം) എന്നീ ഔദ്യാഗിക വെബ്സെെറ്റുകളിലും ഉടൻ ലഭ്യമാക്കും.

രാജ്യത്തുടനീളമുള്ള ദേശീയ പാതകളിലൂടെ സുഗമവും ചെലവ് കുറഞ്ഞുമായ യാത്രകൾക്ക് വാർഷിക പാസ് സഹായിക്കുന്നതായി ഗഡ്കരി പറഞ്ഞു. 60 കിലോമീറ്റർ പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ടോൾ പ്ലാസകളെ കുറിച്ചുള്ള ദീർഘകാല ആശങ്കകൾ പരിഹരിക്കുന്നതിനും താങ്ങാനാവുന്ന വിലയിലുള്ള ഒറ്റ ഇടപാടിലൂടെ ടോൾ പെയ്മെന്റുകൾ ലളിതമാക്കുന്നതിനുമാണ് ഈ നയം. കാത്തിരിപ്പ് സമയം കുറയ്ക്കുക, തിരക്ക് കുറയ്ക്കുക, ടോൾ പ്ലാസകളിലെ തർക്കങ്ങൾ കുറയ്ക്കുക തുടങ്ങിയവയിലൂടെ ദശലക്ഷക്കണക്കിന് വാഹന ഉടമകൾക്ക് വേഗതയേറിയതും സുഗമവുമായ യാത്രാ അനുഭവം നൽകുക എന്നതാണ് വാർഷിക പാസ് ലക്ഷ്യമിടുന്നതെന്നും ഗഡ്കരി വ്യക്തമാക്കി.