ഹോട്ടലിൽ മോഷ്‌ടിക്കാനെത്തി ഓംലറ്റടിച്ചു, ബീഫും ചൂടാക്കി കഴിച്ചു; ഒടുവിൽ കള്ളൻ പിടിയിൽ

Wednesday 18 June 2025 2:54 PM IST

പാലക്കാട്: ഹോട്ടലിൽ മോഷ്‌ടിക്കാനെത്തി ബീഫ് ചൂടാക്കി കഴിച്ച മോഷ്‌ടാവ് പിടിയിൽ. തമിഴ്‌നാട് സ്വദേശി റപ്പായി അനീഷ് എന്ന ശിവകുമാറാണ് പിടിയിലായത്. കഴിഞ്ഞ മാസമാണ് ഇയാൾ പാലക്കാട് ചന്ദ്രനഗറിലെ ഹോട്ടലിൽ മോഷണം നടത്തിയത്. ഹോട്ടലിൽ നിന്ന് 25,000 രൂപയും അനീഷ് മോഷ്‌ടിച്ചിരുന്നു.

മോഷണത്തിനെത്തിയ പ്രതി ഹോട്ടലിലുണ്ടായിരുന്ന കോഴിമുട്ടയെടുത്ത് ഓംലറ്റ് ഉണ്ടാക്കി കഴിക്കുകയായിരുന്നു. ഇതിനിടെ ഫ്രിഡ്‌ജ് തുറന്ന് നോക്കിയപ്പോൾ അതിൽ ബീഫ് ഫ്രൈ ഇരിക്കുന്നത് കണ്ടു. ഇത് ചൂടാക്കാൻ തുടങ്ങുന്ന സമയത്താണ് ഹോട്ടലിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

ഹോട്ടലിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും ചാർജറും പണവുമെല്ലാം അനീഷ് മോഷ്‌ടിച്ചിരുന്നു. അതേദിവസം തന്നെ ഹോട്ടലിന് സമീപത്തെ ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. ഇതിന് പിന്നിലും അനീഷാണോ എന്ന് പൊലീസിന് സംശയമുണ്ട്. വിശദമായ ചോദ്യംചെയ്യലിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകു എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.