മാങ്ങയും നാരങ്ങയുമെല്ലാം മാറി നിൽക്കും; സവാള കൊണ്ട് രുചിയേറിയ അച്ചാർ തയ്യാറാക്കാം, ചോറിനൊപ്പം ഇതുമാത്രം മതി

Wednesday 18 June 2025 3:38 PM IST

മാങ്ങ, നാരങ്ങ, വെളുത്തുള്ളി, ഇഞ്ചി, മീൻ തുടങ്ങി വിവിധ തരത്തിലെ അച്ചാറുകൾ നമ്മുടെ വീടുകളിൽ തയ്യാറാക്കാറുണ്ട്. ഏതെങ്കിലും ഒരു അച്ചാർ ഉണ്ടെങ്കിൽ പിന്നെ മിക്കവർക്കും ചോറ് കഴിക്കാൻ മറ്റ് കറികളൊന്നും ആവശ്യമില്ല. എന്നാൽ കാലങ്ങളായി ഒരേതരത്തിലെ അച്ചാറുകൾ കഴിച്ച് മടുത്തവരായിരിക്കും മിക്കവരും. ഇങ്ങനെ മടുത്തവർക്ക് പരീക്ഷിക്കാവുന്ന ഒരു അടിപൊളി അച്ചാറുണ്ട്, ഒരു തവണ കഴിച്ചാൽ ആരും ഇതിന്റെ ഫാൻ ആയി മാറുമെന്നത് ഉറപ്പാണ്.

എല്ലാ വീടുകളിളും എപ്പോഴും കാണുന്ന ഒന്നാണ് സവാള. മിക്കവാറും കറികളിലും പലരും സവാള ഉപയോഗിക്കാറുണ്ട്. എന്നാൽ സവാള കൊണ്ടുള്ള അച്ചാർ എത്രപേർ കഴിച്ചിട്ടുണ്ടാവും. സവാള അച്ചാർ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

  • സവാള - നാല്
  • നല്ലെണ്ണ - രണ്ട് ടേബിൾ സ്‌പൂൺ
  • വിനാഗിരി - രണ്ട് ടേബിൾ സ്‌പൂൺ
  • ഉപ്പ്- അര ടീസ്‌പൂൺ
  • മഞ്ഞൾപ്പൊടി - അര ടീസ്‌പൂൺ
  • മുളകുപൊടി - ഒരു ടീസ്‌പൂൺ
  • കടുക് - ഒരു ടീസ്‌പൂൺ
  • ജീരകം - ഒരു ടീസ്‌പൂൺ
  • കായം - അര ടീസ്‌പൂൺ
  • പഞ്ചസാര - ഒരു ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

  • ആദ്യം സവാള തൊലി കളഞ്ഞ് കഴുകിയതിനുശേഷം കട്ടി കുറച്ച് അരിഞ്ഞെടുക്കുക. ഇതിൽ ഉപ്പ് ചേർത്ത് 15 മിനിട്ട് മാറ്റിവയ്ക്കണം. ശേഷം സവാള പിഴിഞ്ഞ് വെള്ളം കളയാം. അടുത്തതായി ഒരു പാൻ അടുപ്പിൽവച്ച് ചൂടാക്കി രണ്ട് ടേബിൾ സ്‌പൂൺ നല്ലെണ്ണ ഒഴിക്കണം.
  • എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കാം. ഇതിലേയ്ക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കായപ്പൊടി എന്നിവ ചേർത്ത് ഇളക്കണം. ശേഷം ഒരു സ്‌പൂൺ ജീരകവും കായവും ചേർത്തിളക്കാം. ശേഷം സവാള ഇതിലേയ്ക്ക് ചേർത്ത് നന്നായി യോജിപ്പിക്കാം. ഇതിലേയ്ക്ക് വിനാഗിരി കൂടി ചേർത്തതിനുശേഷം തീ അണയ്ക്കാം.
  • തണുത്ത് കഴിഞ്ഞ് വൃത്തിയുള്ള, നനവില്ലാത്ത, വായുസഞ്ചാരമില്ലാത്ത കുപ്പിയിൽ സൂക്ഷിക്കാം.