കൂട്ടിക്കലിൽ സേവാഭരതിയുടെ വീടുകളുടെ താക്കോൽദാനം 23 ന്
കോട്ടയം : 'തലചായ്ക്കാനൊരിടം' പദ്ധതിയുടെ ഭാഗമായി ദേശീയ സേവാഭാരതി ഇൻഫോസിസ് ഫൗണ്ടേഷനുമായി ചേർന്ന് കൂട്ടിക്കൽ പ്രളയബാധിതർക്ക് നിർമ്മിച്ച് നൽകുന്ന വീടുകളുടെ താക്കോൽദാനം 23 ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവഹിക്കും. രാവിലെ 11 ന് കൊടുങ്ങ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രമൈതാനിയിൽ നടക്കുന്ന ചടങ്ങിൽ സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത് അദ്ധ്യക്ഷത വഹിക്കും. വാഴൂർ തീർത്ഥപാദാശ്രമം മുഖ്യകാര്യദർശി സ്വാമി ഗരുഢധ്വജാനന്ദതീർത്ഥ പാദസ്വാമി പങ്കെടുക്കും. ആർ.എസ്.എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദർശൻ സേവാസന്ദേശം നൽകും. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ്, സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി എന്നിവർ പ്രസംഗിക്കും. 12 വീടുകളാണ് സേവാഭാരതി നിർമ്മിച്ചത്. സ്വന്തമായി സ്ഥലമുള്ള നാലു കുടുംബങ്ങളുടെ വീടുകൾ നേരത്തെ നിർമ്മിച്ച് നൽകിയിരുന്നു. സ്ഥലമില്ലാത്ത 8 കുടുംബങ്ങൾക്കായി കൂട്ടിക്കൽ കൊടുങ്ങയിൽ സ്ഥലം വാങ്ങി നിർമ്മിച്ച വീടുകളുടെ താക്കോൽദാനമാണ് 23 ന് നടക്കുക.