ജില്ലയിൽ പിടിമുറുക്കി 'വടക്കൻ സംഘം'.... ഓൺലൈൻ തട്ടിപ്പ് : തലവയ്‌‌ക്കരുതേ

Thursday 19 June 2025 12:25 AM IST

കോട്ടയം : ഓൺലൈൻ ജോലി, ഓഹരി നിക്ഷേപം,​ ക്രിപ്ടോ കറൻസി, ട്രേഡിംഗ്... ജില്ലയിൽ നിന്ന് ലക്ഷങ്ങൾ ഓൺലൈൻ തട്ടിപ്പിലൂടെ കവർന്നവർ ഒന്നുകിൽ വടക്കൻ ജില്ലക്കാർ, അല്ലെങ്കിൽ അന്യസംസ്ഥാനക്കാർ. സാക്ഷരതയിൽ മുന്നിലാണ് കോട്ടയമെങ്കിലും ഓൺലൈൻ സാക്ഷരതാക്കുറവ് ചൂഷണം ചെയ്യുകയാണ്. ഇതിനോടകം അറസ്റ്റിലായവരിൽ ഭൂരിഭാഗവും തൃശൂർ,​ കോഴിക്കോട്,​ മലപ്പുറം,​ കാസർകോട് ജില്ലക്കാരാണ്. പ്രത്യേക സംഘം തട്ടിപ്പിനായി ജില്ലയിൽ വരവിരിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പൊലീസ് മുൻകരുതൽ ആവർത്തിച്ചിട്ടും ഇപ്പോഴും കെണിയിൽ വീഴുന്നവരുണ്ട്. സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയം സ്ഥാപിച്ചാണ് തട്ടിപ്പിന് തുടക്കം. പണം പോയിട്ടും പരാതി പറയാത്തവരുമേറെയാണ്.

 അക്കൗണ്ടുകളും വാടകയ്ക്ക്

സജീവമല്ലാത്ത അക്കൗണ്ടുകൾ പ്രതിമാസം 10000-25000 രൂപ വരെ വാടക നൽകി തട്ടിപ്പുകാർ ഏറ്റെടുക്കുകയാണ്. ചേനപ്പാടി സ്വദേശിയിൽ നിന്ന് പണം അപഹരിച്ചത് ഇങ്ങനെയായിരുന്നു. കേസിൽ കാസർകോട് സ്വദേശികളായ സഹാദരങ്ങളാണ് അറസ്റ്റിലായത്. ഇടപാടു നടന്നുകഴിഞ്ഞാൽ പണം ഈ അക്കൗണ്ടിൽ നിന്ന് പിൻവലിക്കുകയോ മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയോ ആണ് പതിവ്. അക്കൗണ്ടുകളിലേക്ക് കൊള്ളയടിക്കുന്ന പണം നിക്ഷേപിക്കുകയും ഇടപാടുകാർ പറയുന്ന അക്കൗണ്ടുകളിലേക്ക് മാറ്റുകയുമാണ് രീതി. നിശ്ചിത ശതമാനം ഇവർക്ക് പ്രതിഫലമായി നൽകും. മിക്ക ഓൺലൈൻ തട്ടിപ്പുകളും സംബന്ധിച്ച അന്വേഷണം ഈ പ്രൈമറി അക്കൗണ്ടുകളിൽ അവസാനിക്കും.

'വീട്ടിലിരുന്ന് സമ്പാദിക്കാം'

'വീട്ടിലിരുന്ന് സമ്പാദിക്കാം' എന്ന വാഗ്ദാനത്തിലൂടെയും തട്ടിപ്പ് ഏറുകയാണ്. വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലി എന്ന ആകർഷണത്തിൽ വീഴുന്നവരേറെയാണ്. പണം കൈക്കലാക്കിയാൽ പിന്നെ യാതൊരു വിവരവുമില്ല. കൂടുതൽ യുവതികളാണ് ഇതിന് ഇരയാകുന്നത്.

''പരിചയമില്ലാത്ത അക്കൗണ്ടുകളിൽ നിന്ന് വരുന്ന സന്ദേശങ്ങൾ അവഗണിക്കണം. ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. കൂടുതൽ ചങ്ങാത്തത്തിന് പോയാൽ തട്ടിപ്പ് സംഘം വലയിൽ വീഴ്ത്തും. അജ്ഞത മുതലെടുക്കുകയാണ് ഇവരുടെ രീതി.

സൈബർ പൊലീസ്

അറസ്റ്റിലായ അന്യജില്ലക്കാർ : 16