തോടുകൾ തെളിയാതെ എങ്ങനെ വെള്ളമിറങ്ങും
കോട്ടയം : മഴകുറഞ്ഞ് മീനച്ചിലാറ്റിലെ ജലനിരപ്പ് താഴ്ന്നെങ്കിലും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം ഇതുവരെയിറങ്ങിയില്ല. പാടവും പറമ്പും ഇടവഴികളിലുമെല്ലാം ഇപ്പോഴും വെള്ളമാണ്. ഇതോടെ പടിഞ്ഞാറൻനിവാസികളുടെ ദുരിതവും വർദ്ധിച്ചു. തോടുകളിലും മറ്റ് ജലാശയങ്ങളിലും മണ്ണും ചെളിയും അടിഞ്ഞു കിടക്കുകയാണ്. വേമ്പനാട്ടുകായലിലേയ്ക്കുള്ള ഒഴുക്ക് കുറവാണ്. മറ്റിടങ്ങളിലേയ്ക്ക് കയറിയ വെള്ളം ജലാശയങ്ങളിലെ തടസം മൂലം ഒഴുകി മാറുന്നില്ല. ആദ്യ വെള്ളപ്പൊക്കത്തിന്റെ ആഘാതം മാറും മുൻപ് അടുത്തത് വന്നത് ദുരിതത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. ആറിന്റെ വിവിധ ഭാഗങ്ങളിലും ഇടത്തോടുകളിലും ചെളി അടഞ്ഞതും ചില സ്ഥലങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ അടിഞ്ഞതും ഒഴുക്കിനെ തടസപ്പെടുത്തുന്നു. മഴക്കാല പൂർവ ശുചീകരണം പാളിയതിനാൽ ഓടകളിൽ ഉൾപ്പെടെ മാലിന്യം അടിഞ്ഞു കിടക്കുന്നതും വെള്ളത്തിന്റെ തിരിച്ചൊഴുക്കിനെ ബാധിക്കുന്നു.
സ്കൂളിൽ പോകാനാകാതെ
അദ്ധ്യയന വർഷം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴും മിക്ക ദിവസങ്ങളിലും സ്‌കൂളിൽ എത്താൻ കഴിയാത്ത നിരവധി വിദ്യാർത്ഥികളുമുണ്ട്. മണർകാട്, വിജയപുരം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, കല്ലറ, നീണ്ടൂർ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരാണ് ബുദ്ധിമുട്ട് നേരിടുന്നത്. കോട്ടയം, ഏറ്റുമാനൂർ നഗരസഭാ പരിധികളിലും സ്ഥിതി രൂക്ഷമാണ്. മേയ് അവസാനമുണ്ടായ മഴയിൽ കയറിയ വെള്ളം പൂർണമായും ഇറങ്ങും മുൻപാണ് വീണ്ടും വെള്ളം കയറിയത്.
പ്രശ്നം ഗുരുതരം, പരിഹാരം അകലെ
വെള്ളം കെട്ടിക്കിടക്കുന്നത് കൃഷിക്ക് ദോഷം
വെള്ളക്കെട്ടിൽ അപകട സാദ്ധ്യത
ജലജന്യ രോഗം വർദ്ധിക്കുന്നു
കൊതുക് ഉൾപ്പെടെ പെരുകുന്നു
പകർച്ചവ്യാധി കൂടാൻ കാരണം