ചേമ്പിലയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ നവജാതശിശുവിന്റെ മരണം കൊലപാതകമല്ല; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
പത്തനംതിട്ട: മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. കുഞ്ഞിന്റെ മരണം കൊലപാതകമല്ലെന്നാണ് പോസ്റ്റുമോർട്ടത്തിൽ വ്യക്തമാക്കുന്നത്. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടന്നത്.
ചൊവ്വാഴ്‌ച പുലർച്ചെ നാലുമണിയോടെയാണ് അവിവാഹിതയായ 21കാരി കുഞ്ഞിന് ജന്മം നൽകിയത്. ഗർഭിണിയാണെന്ന കാര്യം യുവതി കുടുംബാംഗങ്ങളോട് മറച്ചുവച്ചിരുന്നു. രക്തസ്രാവത്തെത്തുടർന്ന് യുവതി ചെങ്ങന്നൂരിലെ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ഉടൻ തന്നെ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
വീട്ടിൽ പ്രസവിച്ചതിന് തൊട്ടുപിന്നാലെ കരച്ചിൽ കേൾക്കാതിരിക്കാൻ കുഞ്ഞിന്റെ വായ പൊത്തിപിടിച്ചെന്നും ചേമ്പിലയിൽ പൊതിഞ്ഞ് അയൽവീടിന്റെ പറമ്പിൽ തള്ളിയെന്നും യുവതി മൊഴി നൽകിയിരുന്നു. കാമുകനിൽ നിന്നാണ് ഗർഭിണി ആയതെന്നും യുവതി പൊലീസിനെ മൊഴി നൽകിയിട്ടുണ്ട്.
ആരും അറിയാതെ പ്രസവിച്ചതിനുശേഷം പൊക്കിൾകൊടി യുവതി തന്നെ മുറിച്ചുമാറ്റുകയായിരുന്നു. ഇതിനിടെ ശുചിമുറിയിൽ തലകറങ്ങി വീണു. ഈ വീഴ്‌ചയിൽ കുഞ്ഞിന്റെ തല നിലത്തിടിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. കൂടുതൽ വ്യക്തത ലഭിക്കാൻ യുവതിയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ബന്ധുക്കളെയും കാമുകനെയും വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.