സ്വകാര്യ ഭാഗങ്ങളോട് ചേർന്ന് അസാധാരണമായ പാടുകൾ, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ കൊലപാതകത്തിൽ സൂചനകൾ പുറത്ത്

Wednesday 18 June 2025 7:04 PM IST

ചണ്ഡീഗഡ്: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ കമൽ കൗർ ഭാഭി എന്ന കഞ്ചൻ കുമാരി(27)യുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ലൈംഗിക അതിക്രമം നടന്നോ എന്നത് സ്ഥിരീകരിക്കുന്നില്ലെങ്കിലും കഴുത്തിലും തുടയിൽ സ്വകാര്യ ഭാഗങ്ങളോട് ചേർന്നും അസാധാരണ പാടുകൾ കണ്ടതായി റിപ്പോർട്ടിലുണ്ട്. ഇവിടങ്ങളിൽ യുവതി ഉപദ്രവം നേരിട്ടു എന്നതാണ് വിവരം. ശ്വാസംമുട്ടിച്ചതിനെ തുടർന്ന് ശ്വാസതടസം സംഭവിച്ചാണ് മരണം ഉണ്ടായതെന്ന് കരുതുന്നതായും കൂടുതൽ വിശദമായ വിവരങ്ങളറിയാൻ യുവതിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം ലഭിക്കേണ്ടതുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്. വിഷവസ്‌തുക്കളോ, ലഹരിവസ്‌തുക്കളോ ശരീരത്തിൽ കലർന്നോ എന്നറിയാൻ ആന്തരികാവയവ പരിശോധനാ ഫലം ലഭിക്കേണ്ടതുണ്ട്.

ജൂൺ 11ന് ഭട്ടിൻഡയിലെ ആദേശ് മെഡിക്കൽ സർവകലാശാലയിലെ പാർക്കിംഗിൽ വാഹനത്തിലിരിക്കുന്ന നിലയിലാണ് കഞ്ചൻ കുമാരിയുടെ മൃതദേഹം ലഭിച്ചത്. ജൂൺ10നാണ് ഇവർ മരിച്ചതെന്നാണ് സൂചന ലഭിച്ചത്. മൃതദേഹം ജീർണിച്ചുതുടങ്ങിയ നിലയിലായിരുന്നു.ജൂൺ 12നാണ് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയത്. ഈ സമയം ശരീരഭാഗങ്ങൾ തൊട്ടാൽ ഇളകിവരുന്ന നിലയിലായിരുന്നു. ഇത് മരണം സംഭവിച്ചിട്ട് രണ്ട് മുതൽ അഞ്ച് ദിവസം വരെയായതിന്റെ സൂചനയാണെന്ന് റിപ്പോർട്ടിലുണ്ട്.

കേസിലെ പ്രധാനപ്രതി നിഹാംഗ് അമൃത്‌പാൽ സിംഗ് നെഹ്‌റോൺ സംഭവത്തിന് പിന്നാലെ യുഎഇയിലേക്ക് നാടുവിട്ടിരുന്നു. തീവ്ര സ്വഭാവമുള്ള സിഖ് സംഘടനാ നേതാവായിരുന്നു ഇയാൾ. ഒരു കാർ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കണം എന്ന് ഈ മാസം ആദ്യം ഇയാൾ കമൽ കൗറിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ജൂൺ ഒൻപതിനാണ് ഇയാൾക്കൊപ്പം തന്റെ വീട്ടിൽ നിന്നും കമൽ കൗർ ഭാഭി പോയത്. പിന്നീട് മൃതദേഹമാണ് കണ്ടെത്തിയത്.

കൊലയ്‌ക്ക് ശേഷം അമൃത്‌പാൽ സിംഗ് മോശം വസ്‌ത്രം ധരിച്ച് സദാചാര വിരുദ്ധമായ വീഡിയോകൾ ചെയ്യുന്ന എല്ലാവർ‌ക്കും ഇതാകും വിധിയെന്ന് കാണിച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്‌തിരുന്നു. പൊലീസ് ഇയാളുടെ കൂട്ടുപ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ മൊഴിയനുസരിച്ച് മൂന്ന് മാസംമുൻപ് തന്നെ അമൃത്‌പാൽ സിംഗ് ലുധിയാനയിൽ കഞ്ചൻ കുമാരിയുടെ താമസസ്ഥലത്ത് എത്തുകയും ഇവരുടെ പതിവുകൾ നിരീക്ഷിക്കുകയും ചെയ്‌തിരുന്നു എന്നാണ് വിവരം.