മെനു മാത്രമല്ല; വിഹിതവും മാറ്റണം

Thursday 19 June 2025 4:16 AM IST

കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്ന സർക്കാർ പരിപാടി പല സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്. വിശന്നിരിക്കുന്ന മനുഷ്യന്റെ തലയിൽ വിജ്ഞാനവും വേദാന്തവുമൊന്നും കയറില്ല. വിശപ്പ് മാറ്റാൻ പദ്യം ചൊല്ലിയതുകൊണ്ടാവില്ല; ഭക്ഷണം കഴിച്ചേ പറ്റൂ. എല്ലാവരെയും ബാധിക്കുന്നതാണ് വിശപ്പ്. ചിലർക്ക് അതടക്കാനുള്ള വകയുണ്ടായിരിക്കും. ചിലർക്ക് അത് കുറവായിരിക്കും. മറ്റുചിലർക്ക് അത് വളരെ കൂടുതലായിരിക്കും. എന്തായാലും വിശപ്പ് അടങ്ങിയാലേ ഇന്ദ്രിയങ്ങളുടെയും ബുദ്ധിയുടെയും മറ്റും പ്രവർത്തനങ്ങൾ സാധാരണ നിലയിൽ നടക്കൂ. സ്കൂളിൽ ഉച്ചഭക്ഷണം ഏർപ്പെടുത്തുന്ന ഏർപ്പാട് 1960- കളിൽ തമിഴ്നാട്ടിലാണ് തുടങ്ങിയത്. പിന്നീട് സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കുകയായിരുന്നു.

ആദ്യകാലത്ത് ഇത് നടപ്പാക്കാൻ രണ്ടു കാരണങ്ങളാണ് ഉണ്ടായിരുന്നത്. ഒന്നാമത്,​ പാവപ്പെട്ടവർ കുട്ടികളെ ചെറിയ പ്രായത്തിൽത്തന്നെ സ്കൂളിൽ നിന്ന് പിൻവലിച്ച് മറ്റു ജോലികൾക്കും,​ മാതാപിതാക്കളെ തൊഴിലുകളിൽ സഹായിക്കാനുമൊക്കെ നിയോഗിക്കുക പതിവായിരുന്നു. ഇതു കാരണം സർക്കാർ സ്കൂളുകളിൽ കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. മറ്റൊന്ന്,​ ഒരേ സ്കൂളിൽത്തന്നെ ഉച്ചഭക്ഷണം കൊണ്ടുവരുന്ന കുട്ടികളും,​ ദാരിദ്ര്യം കാരണം ഭക്ഷണം കൊണ്ടുവരാൻ കഴിയാത്ത കുട്ടികളും പഠിക്കുക അന്നൊക്കെ സാധാരണമായിരുന്നു. ഉച്ചയ്ക്ക് പച്ചവെള്ളവും കുടിച്ചിട്ട് ഇരിക്കുന്ന കുട്ടിക്ക് ക്ളാസിൽ പഠിപ്പിക്കുന്നതൊന്നും ശ്രദ്ധിക്കാനായില്ലെങ്കിൽ അവനെ കുറ്റം പറയാനാവില്ല. അങ്ങനെ സ്കൂളിലെ ഹാജർ നില കൂട്ടാനും വിശന്നുകൊണ്ട് കുട്ടി ക്ളാസിലിരിക്കുന്നത് ഒഴിവാക്കാനുമായാണ് സർക്കാർ സൗജന്യ ഉച്ചഭക്ഷണ പരിപാടി തുടങ്ങിയത്.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ആധുനിക കാലത്തെ ഭക്ഷണരീതികൾക്ക് അനുസൃതമായി എട്ടാംക്ളാസ് വരെയുള്ള സൗജന്യ ഉച്ചഭക്ഷണ പദ്ധതിയുടെ മെനു പരിഷ്കരിച്ചിരിക്കുകയാണ്. ഇതുവരെ ചോറും കറിയുമായിരുന്നു നൽകിയിരുന്നത്. ഇനി മുതൽ ഉച്ചയ്ക്ക് എഗ് ഫ്രൈഡ്റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി എന്നിവയും മാസത്തിൽ ഒന്നോ രണ്ടോ ദിവസം മൈക്രോ ഗ്രീൻസും കൊടുക്കാം. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്തുള്ള ചമ്മന്തിയും കൊടുക്കാം. ആഴ്ചയിലൊരിക്കൽ റാഗി കൊഴുക്കട്ട, ഇലയട, അവൽ, പായസം എന്നിവയും പരിഗണിക്കണം. ഈ മെനു കാണുന്ന ഏതൊരു കുട്ടിക്കും സ്കൂളിൽ പോകാൻ പ്രത്യേക താത്പര്യം തോന്നും എന്നതിൽ സംശയമില്ല. ഈ പറഞ്ഞതുപോലെയൊക്കെ കൊടുക്കാൻ സ്കൂളുകൾക്ക് കഴിയുമോ? മെനു ഗംഭീരമായി പരിഷ്കരിക്കുന്നതിന് വലിയ ചെലവൊന്നുമില്ല. പക്ഷേ, അതനുസരിച്ച് ഓരോ കുട്ടിക്കുമുള്ള ഭക്ഷണ വിഹിതത്തിന്റെ തുക കൂട്ടിയാൽ വിദ്യാഭ്യാസ വകുപ്പിന് ചെലവ് കൂടും.

ഒരു കുട്ടിക്ക് എൽ.പി ക്ളാസിൽ 6.78 രൂപയും യു.പി മുതൽ 10.17 രൂപയുമാണ് വിഹിതം. ഇതിൽ നയാപൈസ കൂട്ടാതെയാണ് മെനു പരിഷ്കരിച്ചിരിക്കുന്നത്. എത്ര നല്ല നടക്കാത്ത പരിഷ്കാരം എന്ന് കുട്ടികൾ തന്നെ പറയാൻ ഇത് ഇടയാക്കും. കാരണം സർക്കാർ പ്രഖ്യാപിച്ച മെനു നടപ്പാക്കാൻ നല്ല ചെലവ് വരും. തദ്ദേശ സ്ഥാപനങ്ങളും പൂർവ വിദ്യാർത്ഥികളും പൊതുസമൂഹവും അടക്കം സഹായങ്ങൾ നൽകുന്നതിനാൽ പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറയുന്നത്. നിലവിൽത്തന്നെ ഉച്ചഭക്ഷണത്തിന്റെ തുക കൃത്യമായി അനുവദിക്കുന്നില്ല എന്ന പരാതിയുണ്ട്. പാചകക്കാർ കൃത്യമായി ശമ്പളം കിട്ടാതെ വന്നപ്പോൾ ജോലി നിറുത്തി സമരത്തിനു വരെ ഇറങ്ങേണ്ടിവന്നിട്ടുണ്ട്. കൃത്യമായി പണം നൽകാത്തതിനാൽ വിദ്യാഭ്യാസ വകുപ്പിന് അരി നൽകാൻ സപ്ളൈകോയും മടിക്കുന്നുണ്ട്. അതിനാൽ ഈ ഉച്ചഭക്ഷണ പദ്ധതി കൃത്യമായി നടന്നുപോകാൻ വിഹിതം ഉയർത്തുകയും അത് കൃത്യമായി നൽകാൻ സമയക്രമം നിശ്ചയിക്കുകയുമാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്യേണ്ടത്.