നിയമം ലംഘിച്ച ക്വാറിക്കെതിരെ കളക്ടർക്ക് പരാതി

Wednesday 18 June 2025 8:45 PM IST

പയ്യാവൂർ: സംസ്ഥാന ജിയോളജി വകുപ്പ് നൽകിയ സ്റ്റോപ്പ് മെമ്മോ നിലനിൽക്കെ കഴിഞ്ഞ ദിവസങ്ങളിൽ റെഡ്, ഓറഞ്ച് അലെർട്ട് പ്രഖ്യാപനത്തിനിടയിലും പ്രവർത്തനം പുനരാരംഭിച്ച ചെമ്പന്തൊട്ടി നായനാർമലയിലെ മൂളിയാൻ ക്രഷറിനും ക്വാറിക്കുമെതിരെ

ജനകീയ സമിതി ഭാരവാഹികൾ കണ്ണൂർ ജില്ലാ കളക്ടർക്ക് പരാതി നൽകി. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ക്വാറിയിൽ പണി തുടങ്ങിയപ്പോൾ തന്നെ ക്വാറി അവശിഷ്ടങ്ങൾ കുത്തിയൊഴുകി താഴെ ഭാഗത്തുള്ള കൃഷിയിടങ്ങളിൽ നാശം സംഭവിച്ചതായും കുടിവെള്ള സ്രോതസുകൾ മലിനമായതായും പരാതിയിൽ പറയുന്നു. ഉടമക്കെതിരെ കർശന നടപടി സ്വീകരിച്ച് നയനാർ മലയിൽ ക്വാറിയുടെ പ്രവർത്തനം ശാശ്വതമായി നിരോധിക്കണമെന്നും ക്വാറിവിരുദ്ധ ജനകീയ സമിതി മുഖ്യരക്ഷാധികാരി ഫാ.ആന്റണി മഞ്ഞളാംകുന്നേൽ, രക്ഷാധികാരി വാർഡ് മെമ്പർ കെ.ജെ.ചാക്കോ കൊന്നയ്ക്കൽ, ചെയർമാൻ വർഗീസ് വയലാമണ്ണിൽ, കൺവീനർ കെ.എം.ഷംസീർ എന്നിവർ ചേർന്ന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.