കാത്തിരുന്ന് മുഷിയണ്ട, ഇവിടെ പുസ്തകങ്ങളുണ്ട്
കിളിമാനൂർ: ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിരുന്ന് ഇനി മുഷിയണ്ട. സമയം പോവാൻ പുസ്തകങ്ങളുണ്ട്. കിളിമാനൂർ ബസ് കാത്തിരിപ്പ് കേന്ദ്രത്തെ വായന ശാലയാക്കി മാറ്റിയിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ.പോങ്ങനാട് തോപ്പിൽ ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് പ്രദേശത്തെ വിസ്മയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിലെ പ്രവർത്തകരുടെ ശ്രമഫലമായി അക്ഷരക്കൂട്ടായ്മ ഒരുക്കി സാംസ്കാരിക കേരളത്തിന് മാതൃകയാകുന്നത്. എം.ടി.വാസുദേവൻ നായരുടെ സ്മരണാർത്ഥമാണ് ഇവിടെ ഗ്രന്ഥശാല ഒരുക്കിയത്. ആധുനിക രീതിയിൽ അതിമനോഹരമായി തയ്യാറാക്കിയ ബുക്ക് ഷെൽഫുകൾ, വായനക്കാർക്കായുള്ള ഇരിപ്പിടം, പൂന്തോട്ടം, മൺകൂജയിൽ കുടിവെള്ളം,രാത്രി വായനയ്ക്കായി പ്രത്യേക വിളക്ക് എന്നിവ നിർമ്മിച്ചാണ് യാത്രക്കാർക്ക് ഉപകരിക്കുന്ന രീതിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തെ വായനശാല കൂടിയാക്കി മാറ്റിയത്. ഇപ്പോൾ യാത്രക്കാർക്ക് പുറമെ പുസ്തകങ്ങൾ വായിക്കാനായും ആളുകളെത്തുന്നുവെന്ന് ക്ലബ് ഭാരവാഹികൾ പറയുന്നു.വായനാ ദിനമായ ഇന്ന് മുതൽ രജിസ്ട്രേഷൻ നടപടി ആരംഭിച്ച് ഇവിടെ അംഗത്വമെടുത്ത് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കാനുള്ള അവസരം കൂടി ഒരുക്കും.