തെരുവുനായ ആക്രമണം : കൗൺസിലിൽ പ്രതിപക്ഷ പ്രതിഷേധം
കണ്ണൂർ : നഗരത്തിൽ രണ്ടുദിവസമായി തുടരുന്ന തെരുവുനായ ആക്രമണത്തെ ചൊല്ലി ഇന്നലെ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം .കഴിഞ്ഞ രണ്ട് ദിവസമായി കോർപ്പറേഷൻ പരിധിക്കുള്ളിൽ 77 ഓളം പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ആക്രമണമാണ് പ്രതിഷേധത്തിനിടയാക്കിയത്.
യോഗം ആരംഭിച്ച ഉടൻ മേയർ മുസ്ലീഹ് മഠത്തിൽ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തിയതിന് പിന്നാലെ പ്രതിപക്ഷ കൗൺസിലർമാർ പ്ലക്കാർഡുമുയർത്തി ഡയസിനടുത്തേക്ക് മുദ്രാവാക്യം വിളിച്ച് എത്തുകയായിരുന്നു. ഇതിനിടയിൽ പ്രതിപക്ഷ കൗൺസിലർ ധനേഷ് മോഹൻ മേയറുടെ മൈക്ക് പിടിച്ചുവാങ്ങിയതോടെ ഭരണപക്ഷ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ വാക്കുതർക്കമുണ്ടായി. പ്രതിപക്ഷ കൗൺസിലർമാർ മേയറുടെ ഡയസിനടുത്തെത്തി പ്രതിഷേധിച്ചു. അഞ്ചുമിനിറ്റിനുള്ളിൽ യോഗം അവസാനിപ്പിക്കുകയും ചെയ്തു.
ഇതേ സമയം കൗൺസിൽ ഹാളിന് പുറത്ത് എൽ.ഡി.എഫ് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ എത്തി.അകത്തേക്ക് തള്ളി കയറാനുള്ള പ്രവർത്തകരുടെ ശ്രമം ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞു.തുടർന്ന് പ്രതിപക്ഷ കൗൺസിലർമാരും പ്രവർത്തകരും നഗരത്തിൽ പ്രകടനം നടത്തി. കൗൺസിലർമാരായ എൻ.സുകന്യ,ടി.രവീന്ദ്രൻ, സി.പി.എം ഏരിയാ സെക്രട്ടറി കെ.പി.സുധാകരൻ, പോത്തോടി സജീവൻ, എൻ.പ്രശാന്ത്, ഷഹറാസ്, ഇ.രമേശൻ പ്രതിഷേധത്തിന് നേതൃത്വം നൽകി.