പത്ത്‌നില കെട്ടിടത്തിന്റെയത്ര നീണ്ട കൈകൾ, ലോകത്തിലേറ്റവും വലിയ ജീവി ഇനി‌ നീലത്തിമിംഗലമല്ല, കണ്ടെത്തലുമായി ശാസ്‌ത്രജ്ഞർ

Wednesday 18 June 2025 9:37 PM IST

ലോകത്തിലേറ്റവും വമ്പൻ ജീവി നീലത്തിമിംഗലം ആണെന്നാണ് നാം സ്‌കൂൾ കാലം മുതൽ തന്നെ പഠിച്ചിട്ടുള്ളത്. കരയിലെ വമ്പൻ ആനയും കടലിൽ നീലത്തിമിംഗലവും എന്നത് കാണാതെ പഠിക്കാത്തവരില്ല. ഇടയ്‌ക്ക് ലോകത്ത് ഇന്നുവരെ ജീവിച്ചിരുന്ന ജീവികളിൽ പെറുസിറ്റസ് കൊളോസസ് എന്ന കോടിക്കണക്കിന് ‌ വർഷം മുൻപുണ്ടായിരുന്ന ജീവിയാണ് ഏറ്റവും വമ്പൻ എന്ന് വിവരവും പുറത്തുവന്നിരുന്നു. എന്നാൽ ഇന്ന് ലോകത്ത് ജീവനോടെയുള്ളവയിൽ ഏറ്റവും വലുത് നീലത്തിമിംഗലമല്ല പകരം ഒരു വമ്പൻ ജെല്ലി ഫിഷാണ് ഈ റെക്കാഡിന് ഉടമ.

മറൈൻ ബയോളജി എന്ന സയൻസ് പ്രസിദ്ധീകരണത്തിൽ ലോകത്തിലേറ്റവും വലുപ്പമുള്ള ജീവിയായി കണ്ടെത്തിയിരിക്കുന്നത് ലയൺസ് മേൻ ജെല്ലി ഫിഷ് എന്ന ജീവിയെയാണ്. സിംഹത്തിന്റെ സട പോലെ നീളമേറിയ സ്‌പർശന ഗ്രാഹി (ടെൻടക്കിൾസ്) ഉള്ള ഈ ജെല്ലി ഫിഷിന് റെക്കോഡിന് ഇടയാക്കിയത് അവയുടെ ഈ സ്‌‌പർശന ഗ്രാഹി തന്നെയാണ്. സാധാരണഗതിയിൽ ഇവയുടെ ശരീരം എട്ടടി വരെ (രണ്ട് മീറ്റർ) നീളമുള്ളവയാണ്. എന്നാൽ ഇവയുടെ സ്‌പർശന ഗ്രാഹിയുടെ നീളംകൂടി കണക്കാക്കുമ്പോൾ അത് 60 അടി (18 മീറ്റർ‌) വരെയാണ് സാധാരണ ഉണ്ടാകുക. അപൂർവമായി ചിലവ 120 അടി (36 മീറ്റർ) വരെ എത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഒത്ത വലുപ്പമുള്ള ഒരു നീലത്തിമിംഗലം പരമാവധി 115 അടി (35 മീറ്റർ) വരെയാണ് വളരുക. ഈ കണക്ക് നോക്കുമ്പോഴാണ് ലയൺസ് മേൻ ജെല്ലി ഫിഷ് വലിയ ജീവിയാകുന്നത്. പത്ത് നില കെട്ടിടത്തിന്റെയത്ര നീളമേറിയ കൈകൾ ലയൺസ് മേൻ ജെല്ലി ഫിഷിനുണ്ടാകുമെന്നാണ് ഗവേഷകർ കണക്കുകൂട്ടുന്നത്.

ഈ സ്‌പർശന ഗ്രാഹികളുപയോഗിച്ചാണ് ഇവ ഇരപിടിക്കുന്നത്. ചെറുമത്സ്യങ്ങൾ, ‌ഞണ്ട്,​ ചെമ്മീൻ,​ കക്ക മുതലായ ക്രസ്‌റ്റീഷ്യൻ വിഭാഗത്തിൽ പെട്ടവ,​ മൂൺ ജെല്ലി ഫിഷുകൾ എന്നിവയെയൊക്കെയാണ് ഇവ ഭക്ഷണമാക്കുന്നത്. നീളമേറിയ കൈകളുണ്ടെങ്കിലും ലയൺസ് മേൻ ജെല്ലി ഫിഷ് വളരെ പ്രകോപനം സൃഷ്‌ടിക്കുന്ന ഒരു ജീവിയല്ല. എന്നാൽ ഇവയുടെ ടെൻടക്കിൾസ് കൊണ്ട് കുത്തേറ്റാൽ ഏറെ വേദനയുളവാക്കുന്നതാണ്. ചെറുജീവികൾ കുത്തേറ്റാൽ മരവിച്ചുപോകുകയും അനങ്ങാനാകാതെ നിൽക്കുകയും ചെയ്യും.ഇവയ്‌ക്ക് തലച്ചോറില്ല. പകരം നാഡികളുടെ ഒരു വ്യൂഹം വഴിയാണ് കാര്യങ്ങളറിയുന്നത്. ഇവയ്‌ക്ക് ശരീരത്തിൽ രക്തവുമില്ല. 95 ശതമാനവും ഇവയുടെ ശരീരത്തിൽ ജലമാണ്.