നാടിന് അഭിമാനമാകാൻ പുത്തൂർ പാർക്ക്
ഏഷ്യയിൽ വലിപ്പത്തിൽ രണ്ടാമത്തേതും ഇന്ത്യയിലെ ആദ്യ ഡിസൈനർ മൃഗശാലയുമായ തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്ക് ഓണത്തിന് മുൻപ് തുറക്കാനുള്ള തീവ്രശ്രമത്തിലാണ്. സംസ്ഥാനത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ അഭിമാനമാകുന്ന പാർക്കാണിത്.
ഇവിടേക്ക് വിദേശ മൃഗങ്ങളുമെത്തും. അനാക്കോണ്ട അടക്കമുള്ളവയെ എത്തിക്കാൻ നടപടികളായിട്ടുണ്ട്. ഇതിന് ആറുമാസമെടുക്കും. നാലു സംസ്ഥാനങ്ങളിലെ മൃഗങ്ങളെയും എത്തിക്കും. കർണാടകയിൽ നിന്ന് മൃഗങ്ങളെ കൈമാറാൻ ധാരണയായിട്ടുണ്ട്. മൃഗങ്ങളുടെ വിശദമായ പട്ടിക ഒരു മാസത്തിനകം തയാറാക്കും. കടുവ, കരടി, കാട്ടുനായ, പുലി, ജിറാഫ്, കാട്ടുപോത്ത് തുടങ്ങിയവയെ ലഭിക്കുമെന്നാണ് കരുതുന്നത്. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, കെ.രാജൻ എന്നിവർ കർണാടക വനംമന്ത്രി ഈശ്വർ ഖൊൻഡ്രെയുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യങ്ങൾ ധാരണയായിട്ടുണ്ട്.
മൃഗങ്ങളെ കാണാനുള്ള സന്ദർശക ഗാലറി, റിസപ്ഷൻ ആൻഡ് ഓറിയന്റേഷൻ സെന്റർ, സർവീസ് റോഡുകൾ, ട്രാം റോഡ് സന്ദർശക പാതകൾ, ട്രാം സ്റ്റേഷൻ കഫേറ്റീരിയ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് വിശാലമായ പാർക്കിംഗ് സ്ഥലം എന്നിങ്ങനെ വിശാലമായ പാർക്കാണിത്. 350 ഏക്കറിലേറെ വിസ്തൃതി വരുന്ന പാർക്കിന്റെ നിർമ്മാണച്ചെലവ് 300 കോടിയിലേറെ വരും. പാർക്ക് തുറക്കുമ്പോൾ 500 ലേറെ പക്ഷിമൃഗാദികളുണ്ടാകുമെന്നാണ് കരുതുന്നത്.
സോളാർ പവറിൽ
ആദ്യ പാർക്ക്
ഇന്ത്യയിലാദ്യമായി ഏതാണ്ട് പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന സുവോളജിക്കൽ പാർക്കാണിത്. അവസാനഘട്ട നിർമ്മാണത്തിലെത്തിയ പാർക്കിന് വേണ്ട 90 ശതമാനം വൈദ്യുതിയും ലഭ്യമാക്കുന്നത് സാേളാർ പ്ലാന്റ് വഴിയാണ്. 300 കിലോവാട്ടിന്റെ സോളാർ പ്ലാന്റാണ് പാർക്കിൽ ഒരുക്കിയിരിക്കുന്നത്. ഇതിൽ 100 കിലോവാട്ടിന്റെ പ്ലാന്റ് ആദ്യഘട്ടത്തിൽ പ്രവർത്തിക്കും. പാമ്പുകൾ, അപൂർവയിനം വവ്വാലുകൾ, ഉടുമ്പ് തുടങ്ങി രാത്രികാല ജീവികളെ അവയുടെ ആവാസ വ്യവസ്ഥയിൽ തന്നെ കാണാനാവുന്ന ബയോഡൈവേഴ്‌സിറ്റി സെന്റർ അടക്കമുള്ള ഇടങ്ങളിലാണ് കൂടുതൽ വൈദ്യുതി ആവശ്യം. ജലവിതരണം, ട്രീറ്റ്മെന്റ് പ്ലാന്റ് അടക്കമുള്ള ഇടങ്ങളിലും വൈദ്യുതി ഉപയോഗം കൂടും. സൗരോർജം ഏറെ ലഭിക്കാനിടയുള്ള വനമേഖലയോട് ചേർന്ന സ്ഥലമാണ് പുത്തൂർ. ഭാവിയിൽ സിയാൽ മാതൃകയിൽ സോളാർ സംവിധാനം വിപുലപ്പെടുത്താനും ലക്ഷ്യമിട്ടിട്ടുണ്ട്. പാർക്കിലൂടെയുള്ള നടപ്പാതയ്ക്ക് അരികിലായാണ് സോളാർ സ്ഥാപിച്ചത്. രാജ്യത്തെ ചില പാർക്കുകളിൽ വഴിവിളക്കുകൾക്കും മറ്റുമായി ചെറിയ സോളാർ പ്ലാന്റുകൾ മാത്രമാണുള്ളത്. സോളാർ പവർ പ്ലാന്റ് പാർക്കിന്റെ ഊർജ ആവശ്യങ്ങൾക്ക് ഏറെ സഹായകമാകുമെന്ന് പാർക്ക് ഡയറക്ടർ ബി.എൻ. നാഗരാജ് പറയുന്നു.
പതിറ്റാണ്ടുകളുടെ സ്വപ്നം
മൂന്ന് പതിറ്റാണ്ടിന്റെ സ്വപ്നമാണ് പുത്തൂരിൽ സഫലമാകുന്നത്. മൃഗശാല നവീകരണത്തിന്റെ അനിവാര്യതയെ കുറിച്ച് മാറിവന്ന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നത് ഫ്രണ്ട്സ് ഒഫ് സൂ എന്ന സംഘടനയായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട ആ സംഘടനയുടെ പ്രവർത്തനവും എടുത്തു പറയണം. അതത് കാലത്തെ സർക്കാരുകളും മന്ത്രിമാരും മറ്റു ജനപ്രതിനിധികളും എല്ലാം സുവോളജിക്കൽ പാർക്കിനു വേണ്ടി ആത്മാർത്ഥമായി ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും തടസങ്ങളും അലംഭാവങ്ങളും ഏറെയുണ്ടായി. നിയമങ്ങളുടെയും സാങ്കേതികത്വങ്ങളുടെയും കുരുക്കുകൾ, വകുപ്പുകൾ തമ്മിലുള്ള വടംവലികൾ എന്നിവയെല്ലാം കാലതാമസം സൃഷ്ടിച്ചുകൊണ്ടിരുന്നു. സംസ്ഥാന മൃഗശാല വകുപ്പിന്റെ നിയന്ത്രണത്തിൽ പുത്തൂരിൽ സുവോളജിക്കൽ പാർക്ക് സ്ഥാപിക്കാൻ നൽകിയ അപേക്ഷ വേണ്ടത്ര അനുബന്ധ രേഖകളില്ലെന്ന കാരണം പറഞ്ഞ് കേന്ദ്ര മൃഗശാല അതോറിറ്റി ഒരിക്കൽ തിരിച്ചയക്കുകയാണുണ്ടായത്. സുവോളജിക്കൽ പാർക്ക് യാഥാർത്ഥ്യമാകണമെങ്കിൽ പദ്ധതി വനംവകുപ്പിനെ ഏൽപ്പിക്കേണ്ടയിരുന്നു. അങ്ങനെയാണ് വനംവകുപ്പിന്റെ കീഴിലാക്കുന്നത്. സ്ഥലം പരിശോധിക്കുന്നതിനായി സെൻട്രൽ സൂ അതോറിറ്റിയിൽ നിന്ന് വിദഗ്ദ്ധ സമിതി അംഗം എസ്.സി. ശർമ്മ ഇവാലുവേഷൻ ആൻഡ് മോണിറ്ററിംഗ് ഓഫീസർ ബ്രിഡ്ജ് കിഷോർ ഗുപ്ത എന്നിവർ 2011 ജനുവരി 28 ന് പുത്തൂരിൽ എത്തിയിരുന്നു. ഏറ്റവും അനുയോജ്യമായ സ്ഥലമാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് എന്ന് വിദഗ്ദ്ധ സമിതി അംഗങ്ങൾ അഭിപ്രായപ്പെട്ടു. പുത്തൂരിലെ 336 ഏക്കർ വനഭൂമിയിൽ അമ്പതോ തൊണ്ണൂറോ ഏക്കർ മാത്രമെടുത്ത് മൃഗശാല നവീകരണം നടത്താൻ സംസ്ഥാന മൃഗശാല വകുപ്പ് ശ്രമം നടത്തിയിരുന്നു. സുവോളജിക്കൽ പാർക്ക് പരമാവധി സ്ഥലം എടുത്തുകൊണ്ട് വിശാലമായി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിദഗ്ദ്ധ കമ്മിറ്റി അംഗങ്ങൾക്കും സെൻട്രൽ സൂ അതോറിറ്റിക്കും നിവേദനങ്ങൾ സമർപ്പിച്ചതും ഫ്രണ്ട്സ് ഒഫ് സൂ ആയിരുന്നു.
ആദ്യഡിസൈനർ
മൃഗശാല
പ്രശസ്ത ആസ്‌ട്രേലിയൻ മൃഗശാലാ ഡിസൈനർ ജോൻ കോ ഡിസൈൻ ചെയ്ത പുത്തൂർ സുവോളജിക്കൽ പാർക്ക് രാജ്യത്തെ ആദ്യ ഡിസൈനർ മൃഗശാലയാണ്. വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ തുറസായി പ്രദർശിപ്പിക്കാനുള്ള പ്രത്യേക വാസസ്ഥലങ്ങളാണ് പ്രധാന ആകർഷണീയത. ഈ വിധം 23 ലേറെ ഇടങ്ങളാണ് പുത്തൂരുള്ളത്. പക്ഷികൾക്കായിട്ടുള്ള വിശാലമായ പ്രത്യേക ആവാസകേന്ദ്രങ്ങളുണ്ട്. പലതവണ പാർക്ക് തുറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നിർമ്മാണത്തിലെ കാലതാമസം കാരണം വെെകി. ഇനി അങ്ങനെ സംഭവിക്കില്ലെന്നാണ് എല്ലാവരുടേയും പ്രതീക്ഷ. സെപ്തംബറിൽ തന്നെ പാർക്ക് തുറക്കാൻ കഴിയുമെന്നാണ് മന്ത്രിമാർ ആവർത്തിക്കുന്നത്. ലോകത്തിന് മുന്നിൽ രാജ്യത്തിന് തന്നെ അഭിമാനമാകുന്ന പാർക്കാണിത്. അതുകൊണ്ടു തന്നെ പ്രതീക്ഷകളും വാനോളമുണ്ട്...