'കണ്ണാടിയിൽ സ്വന്തം മുഖം കാണുന്നതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് ഇടതുപക്ഷത്തിന് ബിജെപി ബന്ധം ആരോപിക്കുന്നത്': എ വിജയരാഘവൻ

Wednesday 18 June 2025 9:57 PM IST

നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ തീവ്ര വർഗീയ ധ്രുവീകരണത്തിനുള്ള യുഡിഎഫിന്റെ ശ്രമം ജനം തിരസ്‌കരിക്കുമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ .നിശബ്ദ പ്രചാരണ ഘട്ടത്തിലും വർഗീയ ധ്രുവീകരണത്തിനാണ് ശ്രമം. എല്ലാതരം വർഗീയതയുമായും കൂട്ടുകൂടിയ ചരിത്രമാണ് യുഡിഎഫിനുള്ളത്. 1982–ൽ മഞ്ചേശ്വരത്ത് ബിജെപി നേതാവ് കെ ജി മാരാർ കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും സ്ഥാനാർഥിയായാണ് മത്സരിച്ചത്. കാസർകോട് ഒ രാജഗോപാലായിരുന്നു യുഡിഎഫ് സ്ഥാനാർഥി. 'കണ്ണാടിയിൽ സ്വന്തം മുഖം കാണുന്നതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് ഇടതുപക്ഷത്തിന് ബിജെപി ബന്ധം ആരോപിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെ ഒപ്പം കൂട്ടിയതിൽ അഭിമാനം കൊള്ളുന്നയാളാണ് അദ്ദേഹം' വിജയരാഘവൻ പറഞ്ഞു.


ഇടതുപക്ഷം ഒരു കാലത്തും ഒരു വർഗീയ ശക്തികളുമായും കൂട്ടുകൂടിയിട്ടില്ല. അടിയന്തരാവസ്ഥക്കു ശേഷം ജനതാപാർടി മുന്നണിയിലേക്കുള്ള ക്ഷണം സിപിഎം നിരസിച്ചത് ആർഎസ്എസ് ഉണ്ടായിരുന്നതിനാലാണ്. ജയപ്രകാശ് നാരായണന്റെ കീഴിലുള്ള സോഷ്യലിസ്റ്റ് ചേരി ആർഎസ്എസിനോട് അടുത്തപ്പോൾ അവരുമായും അകലംപാലിച്ചു. ഹിന്ദു വർഗീയത ശക്തിപ്പെട്ടാൽ രാജ്യത്ത് ഉണ്ടാകാനിടയുള്ള അപകടത്തെക്കുറിച്ച് നിരന്തരം മുന്നറിയിപ്പ് നൽകുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം. 1989ൽ വി പി സിങ്ങ് മന്ത്രിസഭയിൽ ചേരാനുള്ള ക്ഷണവും നിരസിച്ചു. ബിജെപിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്ന നിലപാടും മുന്നോട്ടുവച്ചു.


തിരഞ്ഞെടുപ്പിൽ ചില വിവാദങ്ങളുണ്ടാക്കി അതിനു ചുറ്റും ചർച്ച നടത്തുന്നത് യുഡിഎഫ് രീതിയാണ്. തുടക്കം മുതൽ വർഗീയതയിലൂന്നിയായിരുന്നു യുഡിഎഫ് പ്രചാരണമെന്നും അദ്ദേഹം ആരോപിച്ചു. ജമാഅത്തെ ഇസ്ലാമിയെ ഒപ്പം കൂട്ടിയതോടെ അത് ശക്തിപ്പെട്ടു. വർഗീയ പ്രചാരണത്തിന് പ്രത്യേകം പരിശീലനം ലഭിച്ചവരാണവർ. രാഷ്ട്രീയ മാന്യതക്ക് നിരക്കാത്ത പ്രചാരണമാണ് യുഡിഎഫ് നടത്തിയത്.


കോൺഗ്രസ് നേതാവും മുൻ ഡിസിസി പ്രസിഡന്റുമായ അന്തരിച്ച വി വി പ്രകാശിന്റെ വീട്ടിൽ ഈ നിശബ്ദ പ്രചാരണ ദിവസവും യുഡിഎഫ് സ്ഥാനാർഥി പോയിട്ടില്ല. 'കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾ എത്രമാത്രം ശത്രുതയാണ് ഒരാളിൽ വളർത്തുന്നതെന്നതിന്റെ തെളിവാണിത്. ഇങ്ങനെയുള്ള ഒരാൾക്ക് എങ്ങനെയാണ് മണ്ഡലത്തിലെ മുഴുവൻ ജനങ്ങളെയും തുല്ല്യരായി കാണാനാവും?' അദ്ദേഹം ചോദിച്ചു.