ബക്കളത്ത് ദേശീയപാതയുടെ പാർശ്വ ഭിത്തിയിൽ വിള്ളൽ
തളിപ്പറമ്പ്:ബക്കളം ദേശീയപാതയുടെ പാർശ്വഭിത്തിയിൽ കണ്ടെത്തിയ വിള്ളൽ നാട്ടുകാരെയും വാഹന യാത്രക്കാരെയും ആശങ്കയിലാഴ്ത്തി. കണ്ണൂർ ഭാഗത്ത് നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് വരുന്ന സർവീസ് റോഡിൽ തറോൽ കണ്ണൻ സ്‌മാരക വായനശാലയുടെ നേരെ മുന്നിലായാണ് കോൺക്രീറ്റ് പാളിയിൽ വിള്ളൽ കാണപ്പെട്ടത്.
ബക്കളം മേൽപാലം കടന്ന് പോകുന്നത് 25 അടി ഉയരത്തിലാണ്.കുറ്റിക്കോൽ മുതൽ മാങ്ങാട്ട് വരെ 4 കിലോമീറ്റർ മണ്ണിട്ട് ഉയർത്തിയ റോഡിൽ പാർശ്വഭിത്തിയായി കോൺക്രീറ്റ് പാളികളാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതിന്റെ ഇരുവശത്തുമാണ് സർവീസ് റോഡുകളുള്ളത്. ഇതിൽ ഏറ്റവും അടിഭാഗത്തെ പാളിയിലാണ് വിള്ളലുള്ളത്. തുടക്കം മുതൽ ചെറിയതോതിൽ വിള്ളൽ കാണപ്പെട്ടിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഇതിപ്പോൾ കോൺക്രീറ്റ് പാളി 4 ഇഞ്ചോളം മാറിയ നിലയിലാണുള്ളത്.ർ
വിള്ളൽ ശ്രദ്ധയിൽപെട്ടതിന് പിന്നാലെ തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി നിർമ്മാണ കമ്പനിയായ വിശ്വസമുദ്രയുടെ പ്രതിനിധികളെ വിളിച്ചുവരുത്തി.
ആശങ്ക വേണ്ട, നാമമാത്ര വിള്ളലെന്ന് നിർമ്മാണകമ്പനി
തുടർന്ന് നടന്ന പരിശോധനയിൽ ആശങ്കപെടേണ്ടതില്ലെന്നാണ് വിശ്വസമുദ്ര അധികൃതരുടെ വിശദീകരണം. നിർമ്മാണസമയത്ത് ഉണ്ടായ വ്യാത്യാസം മാത്രമാണ് ഇപ്പഴുമുള്ളതെന്നും വിള്ളൽ ഇല്ലെന്നുമാണ് നിർമ്മാണ കമ്പനി അധികൃതർ പറയുന്നത്.