ടൂറിസം,​മത്സ്യമേഖലയുടെ വികസനം,​ വലിയതുറയിൽ വരുന്നു,​ഹബ് മോഡൽ

Thursday 19 June 2025 1:31 AM IST

തിരുവനന്തപുരം: വലിയതുറയിൽ ടൂറിസം,​മത്സ്യമേഖല എന്നിവയുടെ വികസനത്തിന് വഴിയൊരുക്കാൻ പദ്ധതിയുമായി മാരിടൈം ബോർഡ്. ഇതുസംബന്ധിച്ച് പ്രതിനിധികളുടെ യോഗം ചേരുന്നതിനായി സർക്കാരിന് ബോർഡ് കത്തുനൽകി.

ബോർഡിന്റെ കീഴിലുള്ള 4.5 ഏക്കർ വസ്‌തുവിൽ ഹബ് മോഡൽ വികസനം നടത്താനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ഈ വസ്‌തുവിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച ഗോഡൗണുകൾ,തുറമുഖ കെട്ടിടം, ക്വാർട്ടേഴ്സ് എന്നിവയുണ്ട്. സ്വകാര്യ പങ്കാളിത്തമുള്ള പി.പി.പി മോഡൽ വികസനമാണ് ഉദ്ദേശിക്കുന്നത്. മത്സ്യത്തൊഴിലാളികൾ,അവരുടെ പ്രതിനിധികൾ, പ്രദേശത്തെ മതമേലദ്ധ്യക്ഷന്മാർ,ജനപ്രതിനിധികൾ,​വിവിധ കമ്പനികളിലെ പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ യോഗം വിളിക്കാനാണ് ബോർഡ് അനുമതി തേടിയിരിക്കുന്നത്. അനുമതി നൽകിയാൽ നിക്ഷേപം,വികസനം എന്നിവ നടത്താനുള്ള താത്പര്യപത്രവും ക്ഷണിക്കും.

 സ്ഥലം 4.5 ഏക്കർ

ആധുനിക രീതി, മത്സ്യവിപണി മെച്ചപ്പെടുത്തൽ

പ്രദേശത്ത് ഏറ്റവും കൂടുതലുള്ള മത്സ്യത്തൊഴിലാളികൾക്ക് മുൻഗണന നൽകിയാണ് വികസനം നടപ്പാക്കുക. ഇവരുടെ ജീവിതമാർഗത്തെ ബാധിക്കാതെ അതിനെ മെച്ചപ്പെടുത്തുന്ന രീതിയിലാണ് പദ്ധതിയുള്ളത്. തലസ്ഥാനത്ത് പേരുകേട്ടതാണ് വലിയതുറയിലെ മത്സ്യവിപണിയെങ്കിലും അടിസ്ഥാന സൗകര്യത്തിലെ അപകാതകൾ കാരണം ജനങ്ങൾ കൂടുതലെത്തുന്നില്ലെന്നാണ് വിലയിരുത്തൽ. വലിയതുറ ചന്ത, ഫിഷ്ലാൻഡിംഗ് സെന്റർ തുടങ്ങിയവ ആധുനിക രീതിയിൽ വികസിപ്പിച്ചാൽ കൂടുതൽ ആളുകളെത്തും.

ടൂറിസം മേഖലയിൽ വികസനം

തലസ്ഥാനത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് സ്‌പോട്ടായിരുന്നു വലിയതുറ പാലം. അടുത്തിടെ കടൽക്ഷോഭത്തിൽ പാലം തകർന്നെങ്കിലും ഇപ്പോഴും ആളുകളെത്തുന്നുണ്ട്. 1910ലാണ് വലിയതുറയിൽ ആധുനിക സൗകര്യങ്ങളുള്ള കടൽപ്പാലം യാ‍ഥാർത്ഥ്യമായത്. ആലപ്പുഴ തുറമുഖം നവീകരിച്ചപ്പോൾ പൊളിച്ചുമാറ്റിയ ഉരുക്കും മറ്റും ഉപയോഗിച്ച് ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്താണ് ഒരുലക്ഷം രൂപ മുടക്കി പാലം നിർമ്മിച്ചത്. ഈ പാലത്തിന്റെ വരവോടെയാണ് മേഖലയിലുള്ളവരുടെ ജീവിത സാഹചര്യത്തിൽ മാറ്റമുണ്ടായത്. ചരക്കുഗതാഗതം നിലച്ചെങ്കിലും വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിരുന്നു പാലം. ചരിത്ര പ്രൗഡിയുള്ള വലിയതുറ കടൽപ്പാലത്തെ നവീകരിച്ച് വീണ്ടും ടൂറിസം കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യം.