അരക്കോടി ചെലവിട്ടു, സോളാർ പ്ലാന്റ് കോൾപ്പാടത്ത് നോക്കുകുത്തി

Thursday 19 June 2025 12:00 AM IST
പുള്ളിൽ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച് കമ്മീഷൻ ചെയ്യാതെ കിടക്കുന്ന സോളാർ പ്ലാന്റ്

തൃശൂർ : വൈദ്യുതി ചെലവിനത്തിൽ ലക്ഷങ്ങൾ ലാഭിക്കാൻ പുള്ള് പാടശേഖരത്തിൽ സ്ഥാപിച്ച സോളാർ പ്ലാന്റ് അഞ്ചു വർഷമായിട്ടും കമ്മിഷൻ ചെയ്തില്ല. ജില്ലയിൽ ഏറ്റവും കൂടുതൽ നെല്ലുത്പാദിപ്പിക്കുന്ന കോൾപ്പാടത്ത് 2022ലാണ് ഇതിന്റെ ട്രയൽ റൺ നടത്തിയത്. ഇപ്പോൾ നോക്കുകുത്തിയായി നിലകൊള്ളുകയാണ് പ്ലാന്റ്. 2020ൽ വി.എസ്.സുനിൽ കുമാർ കൃഷിമന്ത്രിയായിരിക്കെയാണ് 140 ഹെക്ടർ പാടശേഖരത്തിലേക്ക് വെള്ളം പമ്പ് ചെയ്യാൻ സോളാർ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്. അനെർട്ടിനായിരുന്നു നടത്തിപ്പ് ചുമതല. കണ്ണൂർ കേന്ദ്രമായ റെയ്‌കോയ്ക്ക് നിർമ്മാണച്ചുമതലയും. അമ്പത് എച്ച്.പിയുടെ മോട്ടോർ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള സോളാർ പ്ലാന്റാണ് സ്ഥാപിച്ചത്. ഇതിനായി അമ്പത് ലക്ഷം രൂപയും ചെലവിട്ടു. ഏതാനും മാസങ്ങൾക്കുള്ളിൽ ശക്തമായ കാറ്റിൽ പ്ലാന്റിന്റെ ഒരു ഭാഗത്തെ ഷീറ്റും തകർന്നു. മനക്കൊടി പുള്ള് റോഡിലെ പാടശേഖരത്തിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.

കൈമാറ്റം ചെയ്തില്ലെന്ന് അനർട്ട്

പദ്ധതി കമ്മിഷൻ ചെയ്യുന്നതിൽ ചില സാങ്കേതിക പ്രശ്‌നങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് അനെർട്ട് ഉദ്യോഗസ്ഥരുടെ വാദം. നിർമ്മാണച്ചുമതല നൽകിയ റെയ്‌കോ പ്ലാന്റ് തങ്ങൾക്ക് കൈമാറ്റം ചെയ്തിട്ടില്ല. അത് പൂർത്തിയായാൽ ഉടൻ കമ്മിഷൻ ചെയ്യാനാകും. ഇത് സംബന്ധിച്ച് പല തവണ റെയ്‌കോയ്ക്ക് കത്ത് നൽകിയിരുന്നതായും ഉദ്യോഗസ്ഥർ പറയുന്നു.

പദ്ധതി ലക്ഷ്യമിട്ടത് ?​

1. പാടശേഖരത്തിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിന് വേണ്ട വൈദ്യുതി ചാർജ് ലാഭിക്കാം

2. വർഷം രണ്ട് ലക്ഷത്തോളം രൂപ വൈദ്യുതി ചാർജിനത്തിൽ കൃഷി വകുപ്പ് നൽകേണ്ടി വരില്ല

3.അധിക വൈദ്യുതി വിൽക്കാം. ലഭിക്കുന്ന തുക പാടശേഖര സമിതിക്ക് ഉപയോഗിക്കാം

കാർഷിക മേഖലയ്ക്ക് ഏറെ ഉപകാരപ്രദമാണ് പദ്ധതി. വെള്ളം പമ്പ് ചെയ്യുന്നതിന് ആവശ്യമായ വൈദ്യുതി പൂർണമായി ലാഭിക്കാൻ സാധിക്കുമെന്നതിന് പുറമേ ബാക്കി വരുന്ന വൈദ്യുതി വിൽക്കുകയും ചെയ്യാം. എത്രയും പെട്ടെന്ന് കമ്മിഷൻ ചെയ്യേണ്ടതാണ്.

വി.എസ്.സുനിൽകുമാർ

മുൻകൃഷിമന്ത്രി