മൊബൈൽ ഫോൺ മോഷ്ടാവ് പിടിയിൽ
ആലപ്പുഴ : ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള ചായക്കടയിലെ ജീവനക്കാരന്റെ ഫോൺ മോഷ്ടിച്ച പ്രതിയെ സൗത്ത് പൊലീസ് പിടികൂടി. കൊല്ലം തടുതല അക്കരകുന്നത്ത് വീട്ടിൽ ശ്യാംകുമാറാണ് (40) പിടിയിലായത്. 11ന് രാവിലെ 9നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അടൂരിൽ നിന്ന് ആലപ്പുഴയിൽ എത്തിയ ശേഷം ശ്യാംകുമാർ ബസ് സ്റ്റാൻഡിലെ ചായക്കടയിൽ ചായകുടിക്കുവാൻ കയറിയപ്പോൾ കടയുടെ ഉൾവശത്തെ കണ്ണാടി പ്പെട്ടിയിലിരുന്ന ഫോണെടുത്ത് കടന്നുകളയുകയുമായിരുന്നു. ഫോൺ കാണാതായതിനെ തുടർന്ന് ഫോണുടമ കണ്ണൂർ സ്വദേശി മസ്നാജ് ആലപ്പുഴ സൗത്ത് സി.ഐ കെ.ശ്രീജിത്തിന് പരാതി നൽകി. ഇതേ തുടർന്ന് ചായക്കടയിൽ സ്ഥാപിച്ചിരുന്ന സി.സിടി.വി ക്യാമറ പരിശോധിച്ച് പ്രതിയുടെ ചിത്രങ്ങൾ കണ്ടെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്വേഷണം നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം ഒരു ബൈക്ക് മോഷണം നടത്തിയെന്ന് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസന്വേഷണത്തിൽ സി.ഐ കെ.ശ്രീജിത്തിനൊപ്പം എസ്.ഐ മോഹൻകുമാർ, സീനിയർ സി.പി.ഒമാരായ സജു സത്യൻ, ബിപിൻ ദാസ്, ശ്യാം.ആർ.മാർട്ടിൻ എന്നിവരുമുണ്ടായിരുന്നു.