തലവടി സ്വദേശിയിൽ നിന്ന് 25.5 ലക്ഷം തട്ടിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ
ആലപ്പുഴ: ഓൺലൈൻ ബിഡ്ഡിങ്ങിന്റെ (ലേലം) പേരിൽ ആലപ്പുഴ തലവടി സ്വദേശിയായ മെഡിക്കൽ റെപ്രസെന്റേറ്റീവിൽ നിന്നും പണം തട്ടിയ കേസിൽ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കെ.കെ.അർജുൻ (26) പിടിയിലായി. ആലപ്പുഴ സൈബർ ക്രൈം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വകാര്യ ബിഡ്ഡിംഗ് കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി ടെലിഗ്രാം, വാട്‌സാപ്പ് എന്നിവ വഴി ബന്ധപ്പെട്ടാണ് തട്ടിപ്പു നടത്തിയത്. 2025 മെയ് മാസം മുതൽ ലാവണ്യ എന്ന പേരിലുള്ള ടെലിഗ്രാം അക്കൗണ്ടിൽ നിന്നും ബന്ധപ്പെട്ട് പരാതിക്കാരനെ ഓൺലൈൻ ബിഡ്ഡിങ് നടത്തി ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് വ്യാജ വെബ്സൈറ്റിന്റെ ലിങ്ക് അയച്ചുകൊടുക്കുകയും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചുവാങ്ങുകയുമായിരുന്നു. തട്ടിപ്പ് മനസിലായതോടെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലും നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ 1930 എന്ന ടോൾഫ്രീ നമ്പറിലും പരാതിപ്പെട്ടതോടെ അക്കൗണ്ടുകൾ മരവിപ്പിക്കാനും പ്രതിയെ പിടികൂടാനും കഴിഞ്ഞു. ഡി .സി.ആർ.ബി ഡിവൈ.എസ്.പി എം.എസ്.സന്തോഷിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ്.പി.ജോർജിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ എം.എം.മഹേഷ് , സിവിൽ പൊലീസ് ഓഫീസർമാരായ കെ.റികാസ്, പി .എം .അജിത് എന്നിവർ മലപ്പുറം ജില്ലയിലെ കുളത്തൂരിലെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടി.