ജീവനക്കാർക്ക് വായന നിർബന്ധമാക്കി ഐ.ടി സ്ഥാപന ഉടമകളായ ദമ്പതികൾ

Thursday 19 June 2025 1:49 AM IST

ഇന്ന് ലോക പുസ്തകദിനം

ആലപ്പുഴ: സമ്മർദ്ദമേറെയുള്ള ഐ.ടി ജോലിക്കിടയിൽ മാനസികോല്ലാസത്തിന് ജീവനക്കാർക്കിടയിൽ വായന പ്രോത്സാഹിപ്പിക്കുകയാണ് ആലപ്പുഴക്കാരായ ഐ.ടി സ്ഥാപന ഉടമകളായ ദമ്പതികൾ. കൊച്ചി കാക്കനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫ്ട് വെയർ വികസന സ്ഥാപനമായ സയ്ന്റി സൊലൂഷൻസിലാണ് എല്ലാ ജീവനക്കാരും പുസ്തകം വായിച്ചിരിക്കണമെന്ന് കമ്പനി ഡയറക്ടർ ആലപ്പുഴ മുഹമ്മ രേവതിയിൽ മുന്ന പണിക്കരും ചീഫ് എക്സിക്യുട്ടിവ് ഓഫീസറായ ഭാര്യ ആശ ദാസും നിബന്ധന വച്ചത്. 16 ജീവനക്കാരാണ് ഓഫീസിലുള്ളത്.

ജോലിക്ക് തിരഞ്ഞെടുക്കുന്ന വേളയിൽ തന്നെ ജോലിക്കിടയിൽ ആരോഗ്യകരമായ വിശ്രമത്തിന് പുസ്തകങ്ങൾ വായിക്കണമെന്ന നിർദ്ദേശം പങ്കുവയ്ക്കും. ദമ്പതികളുടെ കൈവശമുള്ള നൂറിലധികം പുസ്തകങ്ങളുടെ ശേഖരത്തിൽ നിന്നുള്ള പങ്കാണ് ഓഫീസിലെ ചെറിയ ലൈബ്രറിയിൽ എത്തിക്കുന്നത്. എല്ലാവരും പുസ്തകങ്ങൾ വായിച്ചുതീരുന്ന മുറയ്ക്ക് പുതിയവ എത്തിക്കും.

ജീവനക്കാരും ഓഫീസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകാറുണ്ട്. സ്ഥാപനത്തിലെത്തുന്നവർക്കും, വിവിധ ചടങ്ങുകൾക്കും പുസ്തകങ്ങൾ സമ്മാനമായി നൽകും. കുട്ടിക്കാലം മുതലുള്ള വായനാശീലം സഹപ്രവ‌ർത്തകരിലേക്കും പകരണമെന്നത് 2011ൽ സ്ഥാപനം ആരംഭിക്കുന്നവേളയിൽ ഇരുവരും മനസ്സിൽ കരുതിയിരുന്നതാണ്. പുസ്തകങ്ങൾ ആദ്യം മുതൽക്കേ ഓഫീസിൽ എത്തിക്കുമായിരുന്നെങ്കിലും അഞ്ച് വർഷം മുമ്പാണ് ചെറിയ ലൈബ്രറി സജ്ജമാക്കിയത്. ചെറുകഥകളും, നോവലുകളും, കവിതകളും അടക്കം എല്ലാത്തരം പുസ്തകങ്ങളും ശേഖരത്തിലുണ്ട്.

പുസ്തകങ്ങളെ ജീവനക്കാർ ബഹുമാനിക്കണമെന്ന നിർബന്ധമുണ്ട്. വായിക്കുന്ന സമയം എത്രയെന്നത് പ്രതിദിന റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയും വേണം

- ആശ ദാസ്, സി.ഇ.ഒ, സയ്ന്റി സൊലൂഷൻസ്