പൂര്‍ത്തിയാക്കാനുള്ളത് 28 പാലങ്ങള്‍; അഹമ്മദാബാദ് - മുംബയ് ബുള്ളറ്റ് ട്രെയിന്‍ കുതിക്കാന്‍ ഒരുങ്ങുന്നു

Wednesday 18 June 2025 11:22 PM IST

മുംബയ്: 2026ല്‍ രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ അഹമ്മദാബാദ് - മുംബയ് റൂട്ടില്‍ സര്‍വീസ് നടത്താന്‍ സജ്ജമാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍. ബുള്ളറ്റ് ട്രെയിന്‍ ഓടിക്കുന്നതിനുള്ള ട്രാക് നിര്‍മാണത്തിന്റെ ഭാഗമായുള്ള പാലങ്ങളുടെ പണിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതുവരെ എട്ട് പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആകെ 28 പാലങ്ങളാണ് ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന് മുംബയ് - അഹമ്മദാബാദ് നഗരങ്ങള്‍ക്ക് ഇടയില്‍ പണിയേണ്ടത്.

ആകെ നിര്‍മിക്കുന്ന 28 പാലങ്ങളില്‍ 17 എണ്ണം ഗുജറാത്തിലും ബാക്കിയുള്ള 11 എണ്ണം മഹാരാഷ്ട്രയിലുമാണ്. 100 മീറ്റര്‍ നീളമുള്ള പാലം ബറുഞ്ചില്‍ ഇതിനോടകം തന്നെ വിജയകരമായി പൂര്‍ത്തിയായിരുന്നു. പുതുതായി പണി കഴിപ്പിച്ച പാലത്തിന് 1400 മെട്രിക് ടണ്‍ ഭാരമാണുള്ളത്. 14.6 മീറ്റര്‍ ഉയരവും ഒപ്പം 14.3 മീറ്റര്‍ വീതിയും. ട്രിച്ചിയില്‍ നിര്‍മിച്ച പാലത്തിന്റെ ഭാഗങ്ങള്‍ പ്രത്യേക ട്രെയിലറുകളിലാണ് നിര്‍മാണ സ്ഥലത്തേക്ക് എത്തിച്ചത്.

600 മെട്രിക് ടണ്‍ വരുന്ന ലോഞ്ചിങ് നോസാണ് പാലം നിശ്ചിത സ്ഥാനത്തേക്ക് നീക്കി വയ്ക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്. അവയിലുപയോഗിച്ചിരിക്കുന്ന പ്രത്യേക കോട്ടിങ് 100 വര്‍ഷം വരെ ആയുസ് പാലത്തിന് നല്‍കും. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നാണ് ബുള്ളറ്റ് ട്രെയിന്‍. രാജ്യത്ത് അഹമ്മദാബാദ് - മുംബയ് റൂട്ടിന് പുറമേ മറ്റ് ചില റൂട്ടുകളിലും ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.