വിമാനദുരന്തം അട്ടിമറിയോ...,, മെയിന്റനൻസ്,​ ഗ്രൗണ്ട് ജീവനക്കാർ സംശയ നിഴലിൽ

Thursday 19 June 2025 12:33 AM IST

ന്യൂഡൽഹി: 270 പേർ ചാരമായ അഹമ്മദാബാദ് വിമാനാപകടത്തിൽ അട്ടിമറി സാദ്ധ്യത തള്ളാതെ അന്വേഷണസംഘം. മെയിന്റനൻസ്, ഗ്രൗണ്ട് ഹാൻഡ്ലിംഗ് ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. സി.സി ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു.

എയർ ഇന്ത്യ ഡ്രീം ലൈനർ ടേക്ക് ഓഫിന് മുൻപ് പരിശോധിച്ച് ക്ലിയറൻസ് നൽകിയത് ഇവരാണ്. വിമാനത്തിന്റെ ഉൾവശം വൃത്തിയാക്കൽ, ഇന്ധനം നിറയ്‌ക്കൽ, ഹാൻഡ് സിഗ്നൽ നൽകൽ, വീൽചെയർ അസിസ്റ്റൻസ്, ഗേറ്റ് മാനേജ്മെന്റ്, കാർഗോ ലോഡിംഗ് എന്നിവയൊക്കെ ഇവരുടെ ജോലിയാണ്.

അപകടം നടന്നിട്ട് ഒരാഴ്ച പിന്നിട്ടു. കാരണമറിയാൻ കാത്തിരിക്കുകയാണ് ലോകം. 61 വിദേശികളുൾപ്പെടെയാണ് മരണമടഞ്ഞത്. ഭീകരബന്ധത്തിന്റെ സാദ്ധ്യതയും അന്വേഷണസംഘം തള്ളിക്കളഞ്ഞിട്ടില്ലെന്ന് പ്രമുഖ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്‌ക്കാണ് അന്വേഷണത്തിന്റെ മുഖ്യചുമതല. ഗുജറാത്ത് പൊലീസ്, എയർപോർട്ട്സ് അതോറിട്ടി, ഡയറക്‌ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ എന്നിവർ സഹായിക്കുന്നു. കേന്ദ്രസർക്കാർ രൂപീകരിച്ച ഉന്നതസമിതിയും അന്വേഷിക്കുന്നു. കോക്പിറ്റ് വോയ്സ് റെക്കാഡർ, ബ്ലാക്ക് ബോക്സ് എന്നിവയിലെ ഡേറ്റ സൂക്ഷ്മമായി പരിശോധിക്കുകയാണ്.

യു.എസ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും സമാന്തര അന്വേഷണം നടത്തുന്നു. ബോയിംഗ് കമ്പനി ഉദ്യോഗസ്ഥരും യു.കെയിലെ ഏവിയേഷൻ വിദഗ്ദ്ധരും അഹമ്മദാബാദിൽ ക്യാമ്പ് ചെയ്യുന്നു.

കണ്ടെത്തേണ്ട

മറ്റു കാര്യങ്ങൾ

1. പൈലറ്റിന് പിഴവുണ്ടായോ. സാങ്കേതിക തകരാറോ?

2 . വിമാന രൂപകല്പനയിൽ അപാകതയുണ്ടായിരുന്നോ?

3. എൻജിൻ മെയിന്റനൻസ് കൃത്യമായി നടത്തിയില്ലേ?

പവർ നിലച്ചു;

റാറ്റ് ഓണായി?​

വിമാനത്തിന്റെ രണ്ടു എൻജിനുകളും ഒരേസമയം പ്രവർത്തനരഹിതമായി, ഇലക്‌ട്രിക്- ഹൈഡ്രോളിക് സംവിധാനങ്ങൾ പൂർണതോതിൽ പ്രവർത്തിച്ചില്ല തുടങ്ങിയ സംശയങ്ങൾ ബലപ്പെടുകയാണ്. ഈ സാഹചര്യമുണ്ടായാൽ ഓട്ടോമാറ്രിക്കായി പ്രവർത്തിക്കുന്ന റാറ്റ് (റാം എയ‌ർ ടർബൈൻ) ഡ്രീംലൈനറിലും പ്രവർത്തിച്ചെന്നാണ് സംശയിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ വിമാനത്തിന് ഹൈഡ്രോളിക്- ഇലക്‌ട്രിക് പവർ നൽകുന്ന ചെറിയ ടർബൈൻ ആണ് റാറ്റ്. കഴിഞ്ഞദിവസം പുറത്തുവന്ന വീഡിയോയിൽ റാറ്റ് പ്രവർത്തിച്ചിരുന്നെന്ന് വിശ്വസിക്കാവുന്ന ശബ്‌ദമുണ്ട്.

3 മാസം മുൻപ്

എൻജിൻ മാറ്റി

അപകടത്തിൽപ്പെട്ട വിമാനത്തിന്റെ എൻജിൻ മൂന്ന് മാസം മുൻപ് മാറ്റിസ്ഥാപിച്ചെന്ന് സൂചന. വലതുഭാഗത്തെ പഴയ എൻജിനാണ് മാർച്ചിൽ മാറ്റിയത്.