ബാങ്കിൽ നിന്ന് പണയമെടുത്ത സ്വർണത്തിന്റെ മൂല്യം വീണ്ടും കണക്കാക്കാൻ അധികാരമില്ല

Thursday 19 June 2025 12:48 AM IST

ന്യൂഡൽഹി: സ്വ‌ർണ വായ്‌പ അടച്ചു തീർത്താൽ സ്വർണത്തിന്റെ മൂല്യം വീണ്ടും കണക്കാക്കാൻ ബാങ്കിന് അധികാരമില്ലെന്ന് സുപ്രീംകോടതി. പണയം വച്ച സ്വർണാഭരണം ഉടമയറിയാതെ ലേലം ചെയ്‌തു വിറ്റതിന് ബീഹാറിൽ പൊതുമേഖലാ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തെങ്കിലും ഈ കേസ് പാട്ന ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി നടപടി റദ്ദാക്കിയ ജസ്റ്റിസുമാരായ സഞ്ജയ് കരോൽ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച്,​ എഫ്.ഐ.ആർ പുനഃസ്ഥാപിച്ചു. സ്വർണ വായ്‌പയെടുത്തിരുന്ന ബീഹാർ സ്വദേശി അഭിഷേക് സിംഗാണ് സുപ്രീംകോടതിയെ സമീപിച്ചത്. ബീഹാർ മുസാഫർപുരിലെ ബാങ്ക് ഒഫ് ഇന്ത്യ ബ്രാഞ്ച് മാനേജർ അടക്കമാണ് പ്രതികൾ.

2020ൽ 254 ഗ്രാം സ്വർണം പണയം വച്ചാണ് അഭിഷേക് സിംഗ് വായ്‌പയെടുത്തത്. ഇടയ്‌ക്ക് തിരിച്ചടവ് മുടങ്ങിയെങ്കിലും 2023ൽ അടച്ചുതീർത്തു. സ്വർണം തിരികെ ആവശ്യപ്പെട്ടപ്പോൾ,​ വായ്‌പ സമയത്തിന് അടച്ചു തീർക്കാത്തതിനാൽ സ്വർണം വീണ്ടും പരിശോധിച്ചെന്നും വ്യാജമാണെന്ന് കണ്ടെത്തിയെന്നും ഉദ്യോഗസ്ഥർ മറുപടി നൽകി. ഗോൾഡ് പ്ലേറ്റ് ചെയ്‌ത ആഭരണങ്ങൾ ലേലം ചെയ്‌തെന്നും അറിയിച്ചു. പിന്നാലെ അഭിഷേകിനെതിരെ തട്ടിപ്പിന് എഫ്.ഐ.ആറും രജിസ്റ്റർ ചെയ്‌തു. ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ അഭിഷേകും കേസ് കൊടുത്തു. സ്വ‌ർണം പരിശോധിച്ച് വായ്‌പ കൊടുത്ത വിഷയമാണെന്നും സത്യാവസ്ഥ പുറത്തുവരാൻ കേസുകളിൽ വിചാരണ നടക്കട്ടെയെന്നും സുപ്രീംകോടതി നിലപാടെടുത്തു.