ഇന്ത്യ- കാനഡ ബന്ധം വളരെ പ്രധാനം: മോദി

Thursday 19 June 2025 12:54 AM IST

ന്യൂഡൽഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം പലതരത്തിൽ വളരെ പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും കാനഡയും ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച എന്നിവയുടെ പൊതുമൂല്യങ്ങൾ പങ്കിടുന്നു. നിരവധി കനേഡിയൻ കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപമുണ്ട്. ഇന്ത്യയിലെ ജനങ്ങൾക്ക് കനേഡിയൻ മണ്ണിൽ വലിയ നിക്ഷേപവുമുണ്ട്.

ജനാധിപത്യ മൂല്യങ്ങൾക്ക് വേണ്ടി സമർപ്പിതരായ കാനഡയും ഇന്ത്യയും ഒരുമിച്ച് ജനാധിപത്യം ശക്തിപ്പെടുത്തേണ്ടതുണ്ട്. മാനവികത ശക്തിപ്പെടുത്തേണ്ടതുണ്ട്. ജി7 ഉച്ചകോടിക്കിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രതികരിക്കുകയായിരുന്നു മോദി.

രണ്ട് വർഷത്തിനു

ശേഷം മഞ്ഞുരുകൽ

2023 ജൂണിൽ ഖാലിസ്ഥാൻ അനുകൂല വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് ശേഷമാണ് ഇന്ത്യ-കാനഡ ബന്ധം വഷളായത്. കൊലപാതകത്തിൽ കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞർക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചിരുന്നു. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഖാലിസ്ഥാൻ അനുകൂല നിലപാടും ബന്ധം വഷളാക്കാൻ കാരണമായി.

2024 ഒക്‌ടോബറിൽ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് വർമ്മ ഉൾപ്പെടെ ആറു നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചു. ഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മിഷണർ കാമറൂൺ മക്കേയെയും 41 നയതന്ത്രജ്ഞരെയും ഇന്ത്യ പുറത്താക്കി. തുടർന്ന് ഇന്ത്യയിലെ നയതന്ത്ര ഓഫീസുകളിലെ ഇന്ത്യൻ ജീവനക്കാരെ കാനഡയും കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു.

ഡൽഹിയിലെ ഹൈക്കമ്മിഷനിലും മുംബയ്, ചണ്ഡിഗർ, ബംഗളൂരു കോൺസുലേറ്റുകളിലും കോൺസുലർ സേവനങ്ങളും വ്യാപാര-ബിസിനസ് നടപടികളും തുടരുന്നുണ്ടെങ്കിലും മന്ദഗതിയിലാണ്. അതേസമയം, ഇന്ത്യൻ പൗരന്മാർക്ക് കാനഡ സന്ദർശിക്കാനും ജോലി ചെയ്യാനും പഠിക്കാനും തടസമുണ്ടായിരുന്നില്ല.

'1.5 ലക്ഷം ഇന്ത്യൻ

വിദ്യാർത്ഥികൾ'

കാനഡയിൽ നിലവിൽ 1.5 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. നയതന്ത്ര തർക്കങ്ങൾ കാരണം അവിടത്തെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 35 ശതമാനത്തിന്റെ കുറവുണ്ടായി. മാനേജ്മെന്റ്, സ്കിൽ ഡെവലപ്പ്മെന്റ്, പാരാമെഡിക്കൽ, നഴ്സിംഗ്, ടെക്നോളജി, എൻജിനിയറിംഗ്, ലൈഫ് സയൻസസ്, ഇന്റർനെറ്റ് ബിസിനസ്, ഹോസ്‌പിറ്റാലിറ്റി കോഴ്സുകളിലാണ് ഇന്ത്യൻ വിദ്യാർത്ഥികൾ കൂടുതലും.

-ടി.പി. സേതുമാധവൻ,

വിദ്യാഭ്യാസ വിദഗ്ദ്ധൻ