ശ്രീജിത്ത് മൂത്തേടത്തിന് പുരസ്‌കാരം

Wednesday 18 June 2025 11:55 PM IST

ചേർപ്പ് : ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാഡമി ബാല സാഹിത്യ പുരസ്‌കാരം ശ്രീജിത്ത് മൂത്തേടത്തിന്. പെൻഗ്വിനുകളുടെ വൻകരയിൽ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. കേശവൻ വെള്ളിക്കുളങ്ങര സ്മാരക ബാലസാഹിത്യ പുരസ്‌കാരത്തിനും അമ്പലക്കര സി. രവീന്ദ്രൻ മാസ്റ്ററുടെ സ്മരണാർഥം സരോവരം ബുക്‌സ് ഏർപ്പെടുത്തിയ ബാലസാഹിത്യ പുരസ്‌കാരത്തിനും ''പെൻഗ്വിനുകളുടെ വൻകരയിൽ'' അർഹമായിരുന്നു. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ട് ആണ് പ്രസാധകർ. ശ്രീജിത്ത് മൂത്തേടത്ത് ചേർപ്പ് സി.എൻ.എൻ. ഗേൾസ് ഹൈസ്‌കൂൾ അദ്ധ്യാപകനാണ്. തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാനസമിതിയംഗവും തൃശൂർ ജില്ലാ മുൻഅദ്ധ്യക്ഷനുമാണ്. പാലറ്റ്, നയൻമൊനി, നിണവഴിയിലെ നിഴലുകൾ, ആഫ്രിക്കൻ തുമ്പികൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. നോവൽ, കഥ, ബാലസാഹിത്യം, വൈജ്ഞാനികസാഹിത്യം എന്നീ മേഖലകളിലായി പതിനഞ്ചോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.