കൃഷ്ണകുമാറിന്റെയും മകളുടെയും മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് 19ലേക്ക് മാറ്റി
തിരുവനന്തപുരം: ജീവനക്കാരെ തട്ടിക്കാണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസിൽ ബി.ജെ.പി നേതാവും നടനുമായ കൃഷ്ണകുമാറും മകൾ ദിയയും നൽകിയ മുൻകൂർ ജാമ്യഹർജി 25ലേക്ക് മാറ്റി. നിലവിൽ ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്.
എന്നാൽ ആദ്യം അന്വേഷിച്ച മ്യൂസിയം പൊലീസിന്റെ റിപ്പോർട്ടാണ് കോടതിയിലുള്ളത്. ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് മാറ്റിയത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിച്ചത്. ജീവനക്കാരികൾ 69 ലക്ഷംരൂപ തട്ടിയെടുത്തെന്ന് കാണിച്ച് കൃഷ്ണകുമാർ പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കവർന്നെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും ആരോപിച്ച് ജീവനക്കാരികൾ പരാതി നൽകിയത്. അതേസമയം സാമ്പത്തിക തിരിമറി നടത്തിയെന്ന കൃഷ്ണകുമാറിന്റെയും ദിയയുടെയും പരാതിയിൽ ജീവനക്കാരികളുടെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും.