തമിഴ്നാട് എ.ഡി.ജി.പി ജയറാമിന്റെ സസ്‌പെൻഷൻ പിൻവലിച്ചു കൂടേയെന്ന് സുപ്രീംകോടതി

Thursday 19 June 2025 12:32 AM IST

ന്യൂഡൽഹി : തട്ടിക്കൊണ്ടുപോകൽ സംഭവത്തിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് തമിഴ്നാട് എ.ഡി.ജി.പിയായ എച്ച്.എം. ജയറാമിനെ സസ്‌പെൻഡ് ചെയ്‌ത നടപടിക്കെതിരെ സുപ്രീംകോടതി. ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന നടപടിയെന്ന് ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാൻ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. എ.ഡി.ജി.പിയെ ചോദ്യംചെയ്‌ത ശേഷം വിട്ടയച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കുന്ന പശ്ചാത്തലത്തിൽ സസ്‌‌പെൻഷൻ തുടരണമോയെന്ന് കോടതി ചോദിച്ചു. സസ്‌പെൻഷൻ പിൻവലിക്കേണ്ടതാണെന്നും താത്പര്യം പ്രകടിപ്പിച്ചു. എ.ഡി.ജി.പി സമർപ്പിച്ച ഹർജി ഇന്ന് വീണ്ടും പരിഗണിക്കുമ്പോൾ നിലപാട് അറിയിക്കാൻ തമിഴ്നാട് സർക്കാരിന് നിർദ്ദേശം നൽകി. ജയറാമിനെ അറസ്റ്റ് ചെയ്യണമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിലപാടിലും അതൃപ്‌തി വ്യക്തമാക്കി.