208 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു

Thursday 19 June 2025 12:34 AM IST

ന്യൂഡൽഹി: അഹമ്മദാബാദ് ദുരന്തത്തിൽ ഇതുവരെ 208 പേരുടെ മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി സിവിൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. രാകേഷ് ജോഷി പറഞ്ഞു. 170 പേരുടെ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി. പത്തനംതിട്ട സ്വദേശിനി ര‌ഞ്ജിത ആർ. നായരുടെ മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. സഹോദരൻ രതീഷ് ഉൾപ്പെടെ കുടുംബാംഗങ്ങൾ അഹമ്മദാബാദിലുണ്ട്.

രക്ഷപ്പെട്ട ഏക യാത്രക്കാരനായ വിശ്വാസ് കുമാർ രമേഷിനെ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തു. അതേ വിമാനത്തിൽ യാത്ര ചെയ്‌ത വിശ്വാസിന്റെ സഹോദരൻ അജയ് മരിച്ചിരുന്നു. ഡി.എൻ.എ പരിശോധനയിൽ അജയ്‌യുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഇന്നലെ ഗുജറാത്തിലെ ദിയുവിൽ നടന്ന സംസ്‌കാരചടങ്ങിൽ വിശ്വാസും പങ്കെടുത്തു.

അപകടത്തിൽപ്പെട്ട വിമാനത്തിലെ കുക്കി - മെയ്‌തി വിഭാഗങ്ങളിലെ എയർഹോസ്റ്റസുമാരുടെ സൗഹൃദം വൈറലായിരുന്നു. കുക്കി വിഭാഗത്തിലെ ലാംനുൻതെം സിംഗ്സന്റെ മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഇന്ന് മണിപ്പൂരിലേക്ക് കൊണ്ടുപോകും. ഇംഫാലിൽ താമസിക്കുകയായിരുന്ന കുക്കി കുടുംബത്തിന് കലാപത്തെ തുടർന്ന് കാംഗ്പോക്പിയിലേക്ക് പലായനം ചെയ്യേണ്ടി വന്നിരുന്നു. അതേസമയം, മെയ്‌തെയ് വിഭാഗത്തിലെ എയർഹോസ്റ്റസ് ഗാൻതോയ് ശർമ്മയുടെ മൃതദേഹം തിരിച്ചറിയാനുളള പരിശോധന ഊർജ്ജിതമാണ്.