ട്രംപിനോട് മോദി --- 'ആരുടെയും മദ്ധ്യസ്ഥത സ്വീകരിച്ചിട്ടില്ല'

Thursday 19 June 2025 6:34 AM IST

ഒട്ടാവ: പാകിസ്ഥാൻ വിഷയത്തിൽ ഇന്ത്യ ഒരിക്കലും മൂന്നാം കക്ഷിയുടെ മദ്ധ്യസ്ഥ സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കുകയുമില്ലെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ ട്രംപുമായി നടത്തിയ 35 മിനിട്ട് ദൈർഘ്യമുള്ള ഫോൺ സംഭാഷണത്തിനിടെയാണ് നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ-പാക് സംഘർഷം പരിഹരിക്കാൻ താൻ ഇടപെട്ടെന്ന് ട്രംപ് അവകാശവാദം ഉന്നയിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് മോദി നടത്തിയ വിശദീകരണം ശ്രദ്ധാപൂർവം കേട്ട ട്രംപ്,​ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കുകയും ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു. കാനഡയിൽ നടന്ന ജി 7 ഉച്ചകോടിയിൽ മോദി- ട്രംപ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. എന്നാൽ ട്രംപ് നേരത്തേ യു.എസിലേക്ക് മടങ്ങി. പിന്നാലെ മോദിയുമായി ഫോൺ സംഭാഷണത്തിന് ട്രംപ് അഭ്യർത്ഥിക്കുകയായിരുന്നു.

വെടിനിറുത്തൽ പാക്

അഭ്യർത്ഥന പ്രകാരം

( മോദി ട്രംപിനോട് പറഞ്ഞത്)​

 ഇന്ത്യ-പാക് സംഘർഷത്തിന്റെ ഒരു ഘട്ടത്തിലും വ്യാപാര കരാറോ യു.എസിന്റെ മദ്ധ്യസ്ഥതയോ ചർച്ചയായിട്ടില്ല

 പാകിസ്ഥാന്റെ അഭ്യർത്ഥന കണക്കിലെടുത്ത് വെടിനിറുത്തലിന് സൈനികതലത്തിൽ ചർച്ച നടത്തി

 ഇന്ത്യ മദ്ധ്യസ്ഥത സ്വീകരിച്ചിട്ടില്ല. ഇനി സ്വീകരിക്കുകയുമില്ല

 വിഷയത്തിൽ ഇന്ത്യയിൽ പൂർണമായ രാഷ്ട്രീയ സമവായമുണ്ട്

 ഭീകരതയെ ഇന്ത്യ നിഴൽ യുദ്ധമായല്ല,​ യുദ്ധമായി കാണുന്നു. ഓപ്പറേഷൻ സിന്ദൂർ തുടരുകയാണ്

 ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള ദൃഢനിശ്ചയം ഇന്ത്യ ലോകത്തെ അറിയിച്ചു

ക്ഷണം നിരസിച്ച് മോദി

കാനഡയിൽ നിന്ന് മടങ്ങുംവഴി യു.എസ് സന്ദർശിക്കാൻ ട്രംപ് മോദിയെ ക്ഷണിച്ചു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാൽ കഴിയില്ലെന്ന് മോദി അറിയിച്ചു. വൈകാതെ കൂടിക്കാഴ്ച നടത്താമെന്ന് ധാരണയായി. ഇക്കൊല്ലം ഇന്ത്യയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള മോദിയുടെ ക്ഷണം ട്രംപ് സ്വീകരിച്ചു. ഇസ്രയേൽ-ഇറാൻ, യുക്രെയിൻ സംഘർഷങ്ങളും ഇരുവരും ചർച്ച ചെയ്തു.

പാക് സേനാ മേധാവിക്കെതിരെ പ്രതിഷേധം

യു.എസിലെത്തിയ പാക് സൈനിക മേധാവി അസീം മുനീറിനെതിരെ പ്രതിഷേധവുമായി പാക് വംശജർ. കൊലപാതകി, സ്വേച്ഛാധിപതി തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി മുനീർ തങ്ങിയ വാഷിംഗ്ടൺ ഡി.സിയിലെ ഹോട്ടലിന് മുന്നിൽ പ്രതിഷേധക്കാർ തടിച്ചുകൂടി. പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പി.ടി.ഐ പാർട്ടിയുടെ അനുഭാവികളാണ് പ്രതിഷേധിച്ചത്. മുനീറുമായി ട്രംപ് ഇന്നലെ വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്താനും ഉച്ചഭക്ഷണം കഴിക്കാനും നിശ്ചയിച്ചിരുന്നു.