ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്ന് ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി

Thursday 19 June 2025 8:08 AM IST

ന്യൂഡൽഹി: ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഡൽഹിയിലെത്തി. 'ഓപ്പറേഷൻ സിന്ധു' ദൗത്യത്തിന്റെ ഭാഗമായാണ് ആദ്യവിമാനം എത്തിയത്. അർമേനിയയുടെ തലസ്ഥാനമായ യെരേവാനിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. 110 വിദ്യാർത്ഥികളാണ് ആദ്യ വിമാനത്തിൽ എത്തിയത്. തിരിച്ചെത്തിയ ഇന്ത്യക്കാരെ സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ എത്തി. ആദ്യ സംഘത്തിൽ മലയാളികൾ ഇല്ലെന്നാണ് വിവരം. ടെഹ്റാനിൽ നിന്നും 12 മലയാളി വിദ്യാർത്ഥികൾ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവർ വരും ദിവസങ്ങളിൽ മടങ്ങിയേക്കുമെന്നാണ് സൂചന.

അതേസമയം, ഇറാനെതിരായ യുദ്ധത്തിൽ ഇസ്രയേലിനൊപ്പം ചേരാൻ യു എസ് ഒരുങ്ങുന്നെന്ന് വിവരം. ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി ട്രംപ് അടിയന്തര യോഗം ചേർന്നു. യോഗത്തിന്റെ വിവരങ്ങൾ വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല. പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ട്രംപ് ഫോണിൽ സംസാരിച്ചു. വെടിനിറുത്തലല്ല,​ ഇറാന്റെ സമ്പൂർണ കീഴടങ്ങലാണ് വേണ്ടതെന്ന് ട്രംപ് ആവശ്യപ്പെടുകയും ഖമനേയി ഇതു തള്ളുകയും ചെയ്തിരുന്നു. മിഡിൽ ഈസ്റ്റിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങൾ യുഎസ് വിന്യസിച്ചിട്ടുണ്ട്.