ഹണി ട്രാപ്പ് കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ അറസ്റ്റിൽ, യുവതിക്കുള്ളത് 1.3 മില്യൺ ഫോളോവേഴ്‌സ്

Thursday 19 June 2025 10:38 AM IST

സൂറത്ത്: ഹണി ട്രാപ്പ് കേസിൽ പത്ത് മാസത്തിലേറെയായി ഒളിവിലായിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ അറസ്റ്റിൽ. കെട്ടിട നി‌ർമാതാവിനെ ഹണി ട്രാപ്പിൽ കുടുക്കി കോടികൾ തട്ടാൻ ശ്രമിച്ച കിർത്തി പട്ടേൽ എന്ന യുവതിയാണ് അഹമ്മദാബാദിൽ അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാമിൽ ഇവർക്ക് 1.3 മില്യൺ ഫോളോവേഴ്‌സ് ആണുള്ളത്. കഴിഞ്ഞവർഷം ജൂണിലാണ് സൂറത്തിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. യുവതിക്കെതിരെ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. കേസിൽ നാലുപേർ നേരത്തെ അറസ്റ്റിലായിരുന്നു.

ഭൂമി കയ്യേറ്റം, പിടിച്ചുപറി എന്നിവയുമായി ബന്ധപ്പെട്ടും കിർത്തിക്കെതിരെ കേസുള്ളതായി പൊലീസ് അറിയിച്ചു. സ്ഥലങ്ങൾ മാറിയും പല സിം കാർഡുകൾ ഉപയോഗിച്ചുമാണ് ഇവർ ഒളിവിൽ കഴിഞ്ഞിരുന്നത്. അഹമ്മദാബാദിലെ സർകെജ് മേഖലയിൽ നിന്നാണ് ഇവർ പിടിയിലായത്. ടെക്‌നിക്കൽ ടീമിന്റെ സൈബർ വിദഗ്ദ്ധരുടെയും സഹായത്തോടെയാണ് യുവതിയെ ട്രാക്ക് ചെയ്ത് കണ്ടുപിടിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. യുവതിയുടെ ലൊക്കേഷൻ കണ്ടെത്താൻ ഇൻസ്റ്റാഗ്രാമിന്റെ സഹായം തേടിയതായും പൊലീസ് പറഞ്ഞു.