അഗ്രിക്കൾച്ചർ എൻജിനീയറിംഗിൽ ബി ടെക്കുകാരി; തലസ്ഥാനത്തെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടറായി 29കാരി
Thursday 19 June 2025 10:52 AM IST
ആറ്റിങ്ങൽ: ജില്ലയിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടറായി രചന.സി (29) ആറ്റിങ്ങൽ എക്സൈസ് ഓഫീസിൽ ചാർജെടുത്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിനിയായ രചന അഗ്രിക്കൾച്ചർ എൻജിനിയറിംഗിൽ ബി.ടെക്ക് ബിരുദം നേടിയിട്ടുണ്ട്.
കുട്ടിക്കാലം മുതൽ തലയെടുപ്പുള്ള ജോലി സ്വപ്നമായിരുന്നു. കൃഷി ഇഷ്ടമായിരുന്നെങ്കിലും എക്സൈസ് ഇൻസ്പെക്ടറുടെ സ്ത്രീകൾ ഉൾപ്പെട്ട പി എസ് സി പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ ഉയർന്ന മാർക്ക് നേടിയതോടെ എക്സൈസിൽ സ്ത്രീകൾക്കായുളള ആദ്യ ബാച്ചിൽ സബ് ഇൻസ്പെക്ടറാവുകയായിരുന്നു. ആറ്റിങ്ങലിൽ ആദ്യ നിയമനവും ലഭിച്ചു. രചനയ്ക്കൊപ്പം സംസ്ഥാനത്ത് 14 വനിതകൾകൂടി എക്സൈസിൽ ഇൻസ്പെക്ടറായി ചാർജെടുത്തിട്ടുണ്ട്. കണ്ണൂർ തളിപ്പറമ്പ് പട്ടുവം ചെമ്പിളിങ്കൻ വീട്ടിൽ പരേതനായ പ്രഭാകരന്റെയും സോഫിയയുടെയും മകളാണ് രചന.