'വേണുഗോപാലിന്റെ 'ട്യൂഷൻ' കേരളത്തിനാവശ്യമില്ല, ബിജെപിയുടെ ഏജന്റ് പണിയാണ് ചെയ്യുന്നത്'; ചുട്ടമറുപടിയുമായി മുഹമ്മദ് റിയാസ്

Thursday 19 June 2025 11:19 AM IST

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആർഎസ്എസ് പരാമർശത്തിൽ വാക്പോര് തുടരുന്നു. സിപിഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന പി സുന്ദരയ്യയുടെ രാജിക്കത്തിലെ ചില പരാമർശങ്ങൾ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. 'ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്' എന്ന് ആരംഭിക്കുന്ന തുറന്ന കത്താണ് കെ സി വേണുഗോപാൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആർഎസ്എസ് പിന്തുണയോടെ മത്സരിച്ച് ജയിച്ചാണ് പിണറായി വിജയൻ ആദ്യമായി നിയമസഭയിലെത്തിയതെന്നും വേണുഗോപാൽ ആരോപിച്ചിരുന്നു. ഈ പോസ്റ്റിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ്.

രാജസ്ഥാനിൽ നിന്നുള്ള തന്റെ രാജ്യസഭാ സീറ്റ് രാജിവച്ച് ബിജെപിക്ക് ദാനം നൽകിയ എഐസിസി സംഘടനാ ജനറൽ സെക്രട്ടറിയുടെ “ട്യൂഷൻ” മതനിരപേക്ഷ കേരളത്തിനാവശ്യമില്ലെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു. 'ബിജെപിക്ക് രാജ്യസഭയിൽ ഭൂരിപക്ഷം തികയ്ക്കാൻ “കൈ” സഹായം നൽകിയവർ ബിജെപിയുടെ ഏജന്റ് പണിയാണ് ചെയ്യുന്നതെന്ന് സാധാരണ കോൺഗ്രസ് പ്രവർത്തകർ പോലും മനസിലാക്കി തുടങ്ങിയിട്ടുണ്ട്. രാജസ്ഥാനിലെ രാജ്യസഭാ സീറ്റിൽ പിന്നീട് വിജയിച്ച ബിജെപിയുടെ രവനീത് സിംഗ് ബിട്ടു നിലവിൽ ബിജെപിയുടെ കേന്ദ്രമന്ത്രിയാണ്‌.

ഹരിയാന തിരഞ്ഞെടുപ്പിൽ ബിജെപിയെ ജയിപ്പിക്കാനുള്ള ക്വട്ടേഷൻ കെ സി വേണുഗോപാലിനായിരുന്നുവെന്ന് അവിടത്തെ കോൺഗ്രസ് നേതാക്കൾ തന്നെ വ്യക്തമാക്കിയ കാര്യമാണ്. ഏതായാലും മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്രസമ്മേളനം കൊള്ളേണ്ടയിടത്തുത്തന്നെ കൊണ്ടിട്ടുണ്ട്'- മന്ത്രി വ്യക്തമാക്കി.