എഐ പണി തുടങ്ങി; ഈ വർഷം അവസാനത്തോടെ തൊഴിൽ നഷ്‌ടമാകുന്നത് ആയിരങ്ങൾക്ക്, മുന്നറിയിപ്പ്
ന്യൂഡൽഹി: ഈ വർഷം അവസാനത്തോടെ പുതിയൊരു കോർപ്പറേറ്റ് പുനഃസംഘടനയ്‌ക്കൊരുങ്ങി ടെക് ഭീമനായ മൈക്രോസോഫ്റ്റ്. ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനം. റിപ്പോർട്ട് പ്രകാരം, സെയിൽസ് വിഭാഗത്തിൽ നിന്നാകും കൂട്ട പിരിച്ചുവിടൽ നടക്കുക. ഈ നീക്കം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുൻ വർഷങ്ങളിലും ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.
കഴിഞ്ഞ ഘട്ടത്തിൽ അതായത് മേയ് മാസത്തിൽ 6,000 തസ്‌തികകളിൽ (ആഗാളതലത്തിൽ മൂന്ന് ശതമാനം) നിന്ന് ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു. എഞ്ചിനീയറിംഗ്, കസ്റ്റമർ സപ്പോർട്ട്, മാർക്കറ്റിംഗ് ഉൾപ്പെടെയുള്ള വിഭാഗങ്ങളിലെ ജീവനക്കാരെ ഇത് ബാധിച്ചിരുന്നു. 2024ൽ ഏകദേശം 2,28,000 പേർക്ക് ജോലി നൽകിയിരുന്നു. ഈ വർഷം ജീവനക്കാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടില്ല.
എഐയുടെ വരവോടെയാണ് ജീവനക്കാരെ കമ്പനി പിരിച്ചുവിടുന്നത് എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ ഇക്കാര്യത്തിലൊന്നും കമ്പനി പ്രതികരിച്ചിട്ടില്ല. എഐയുടെ വരവ് കമ്പനിയുടെ തൊഴിൽ ശക്തിയെ പുനഃർനിർമ്മിക്കുന്നുണ്ടാകാമെന്ന് നിരീക്ഷകർ കരുതുന്നു. മൈക്രോസോഫ്റ്റ് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ആന്തരിക ഗവേഷണ പ്രബന്ധത്തിൽ എഐ സഹായത്തോടെ പ്രവർത്തിക്കുന്ന ടീമുകളും ഭാവിയെക്കുറിച്ചും ചൂണ്ടിക്കാട്ടിയിട്ടുണ്ടായിരുന്നു.