ഇറാന്റെ ആണവ നിലയം തകർത്ത് ഇസ്രയേൽ; ആശുപത്രിയിൽ മിസൈൽ ആക്രമണം നടത്തി ഇറാനും

Thursday 19 June 2025 11:30 AM IST

ടെൽ അവീവ്: ഇറാന്റെ ആണവ നിലയം ഇസ്രയേൽ തകർത്തതായി റിപ്പോർട്ടുകൾ. എന്നാൽ റേഡിയേഷൻ ഭീഷണി ഉയർന്നിട്ടില്ലെന്നും ഇറാനിയൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. അരാക്കിലെ ഗവേഷണ റിയാക്ടറിന് സമീപമുള്ള പ്രദേശം ഇസ്രായേൽ ആക്രമിച്ചെന്നും സൂചനയുണ്ട്. പൗരന്മാരെ മാറ്റിത്താമസിപ്പിച്ച ശേഷമായിരുന്നു ആക്രമണമെന്നാണ് വിവരം.

അതിനിടെ ഇസ്രയേൽ ആശുപത്രിയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. തെക്കൻ നഗരമായ ബീർഷെബയിലെ സൊറോക്ക ആശുപത്രിയിലാണ് ആക്രമണമുണ്ടായത്. ആശുപത്രിക്ക് വലിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി സൊറോക്ക അശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് സൂചന.

ചികിത്സയ്ക്കായി സൊറോക്ക ആശുപത്രിയിലേക്ക് വരരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രിയിൽ മാത്രമല്ല ടെൽ അവീവ് അടക്കമുള്ളയിടങ്ങളിലും ആക്രമണം തുടരുകയാണ്. വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.

'രണ്ട് ദിവസത്തിനിടെയുള്ള ഏറ്റവും വലിയ ഇറാനിയൻ മിസൈൽ ആക്രമണം ഞങ്ങൾക്ക് നേരിടേണ്ടി വന്നു. ഡസൻ കണക്കിന് മിസൈലുകളാണ് പതിച്ചത്. '- ഇസ്രയേലി സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ആശുപത്രിയിൽ നിന്ന് വലിയരീതിയിൽ പുകപടലങ്ങൾ ഉയരുന്നതിന്റെയും ജനാലകൾ തകർക്കുന്നതിന്റെയും ആളുകൾ നിലവിളിക്കുന്നതിന്റെയുമൊക്കെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.

ഇറാനെതിരായ യുദ്ധത്തിൽ ഇസ്രയേലിനൊപ്പം ചേരാൻ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി ട്രംപ് അടിയന്തര യോഗം ചേർന്നു. യോഗത്തിന്റെ വിവരങ്ങൾ വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ട്രംപ് ഫോണിൽ സംസാരിച്ചിട്ടുണ്ട്. വെടിനിറുത്തലല്ല,​ ഇറാന്റെ സമ്പൂർണ കീഴടങ്ങലാണ് വേണ്ടതെന്ന് ട്രംപ് ആവശ്യപ്പെടുകയും ഖമനേയി ഇതു തള്ളുകയും ചെയ്തിരുന്നു. മിഡിൽ ഈസ്റ്റിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങൾ യുഎസ് വിന്യസിച്ചിട്ടുണ്ട്.