ആൺ സുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ട വിചാരണ; മനംനൊന്ത് യുവതി ജീവനൊടുക്കി, എസ്‌ഡിപിഐ പ്രവർത്തകർ റിമാൻഡിൽ

Thursday 19 June 2025 12:07 PM IST

കണ്ണൂർ: പിണറായി കായലോട് യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ മൂന്നുപേർ റിമാൻഡിൽ. 40കാരിയായ റസീനയെ ദിവസങ്ങൾക്ക് മുമ്പാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മമ്പറം സ്വദേശി റഫ്‌നാസ്, മുബഷീർ, ഫൈസൽ എന്നിവരെയാണ് തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തത്. ഇവർ എസ്‌ഡിപിഐ പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ 17-ാം തീയതിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. യുവതി ആത്മഹത്യ ചെയ്‌തതിന് പിന്നാലെ സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള മൂന്നുപേരെ പിടികൂടിയത്. ആൾക്കൂട്ട വിചാരണയിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്‌‌തതെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്‌ച വൈകിട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്ക് സമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ച് നിൽക്കുന്നത് അറസ്റ്റിലായവർ ഉൾപ്പെടെയുള്ള സംഘം ചോദ്യം ചെയ്‌തിരുന്നു. യുവതിയെ വീട്ടിവേക്ക് പറഞ്ഞയച്ച ശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു. അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത് എട്ടരയോടെ എസ്‌ഡിപിഐ ഓഫീസിലെത്തിച്ചു.

റസീനയുടെയും യുവാവിന്റെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. രാത്രി ഏറെ വൈകിയാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്. യുവാവിന്റെ മൊബൈൽ ഫോണും ടാബും പ്രതികളിൽ നിന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. റസീനയുടെ ഭർത്താവ് - എംകെ റഫീഖ് (ധർമടം ഒഴയിൽ ഭാഗം). പിതാവ് - എ മുഹമ്മദ്‌. മാതാവ് - സികെ ഫാത്തിമ.