പ്രേമം കയ്യോടെ പൊക്കി, കാമുകന്റെ മുന്നിൽ വച്ച് ഭാര്യയുടെ മൂക്ക് കടിച്ച് മുറിച്ച് ഭർത്താവ്

Thursday 19 June 2025 1:01 PM IST

ലക്‌നൗ: ഭാര്യയെ കാമുകന്റെ വീട്ടിൽ നിന്ന് കയ്യോടെ പിടികൂടിയ ഭർത്താവ് അവരുടെ മൂക്ക് കടിച്ച് മുറിച്ചതായി പരാതി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം. ഹരിയവാൻ പൊലീസ് കേസെടുത്തിട്ടുണ്ട്. 25കാരിയായ യുവതി ഗുരുതരാവസ്ഥയിലാണെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.

ഭാര്യ വീട്ടിൽ നിന്ന് പുറത്തേക്ക് പോയപ്പോൾ സംശയം തോന്നിയ ഭർത്താവ് രാം ഖിലാവാൻ അവരെ പിന്തുടർന്നു. യുവതി കാമുകന്റെ വീട്ടിലേക്കാണ് പോയത്. സ്ഥലത്തെത്തിയതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് കാമുകന്റെ മുന്നിൽ വച്ച് രാം ഖിലാവാൻ ഭാര്യയുടെ മൂക്ക് കടിച്ച് മുറിക്കുകയായിരുന്നു.

രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് യുവതിയെ ആദ്യം സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, പരിക്ക് ഗുരുതരമാണെന്ന് കണ്ടതോടെ വിദഗ്ദ്ധ ചികിത്സയ്‌ക്കായി ലക്‌നൗവിലെ ആശുപത്രിയിലേക്ക് മാറ്റി. രാം ഖിലാവാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് നരേന്ദ്ര കുമാർ പറഞ്ഞു.