നിങ്ങളുടെ ആഭരണങ്ങൾ ബാങ്ക് ലോക്കറിലാണോ? ഇക്കാര്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ നഷ്ടം സംഭവിച്ചേക്കാം

Thursday 19 June 2025 3:18 PM IST

അടുത്തിടെ ഒരു പ്രമുഖ ബാങ്കിന്റെ ലോക്കറിൽ യുവതി സൂക്ഷിച്ചിരുന്ന 154 ഗ്രാം സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളും നഷ്ടപ്പെട്ട കാര്യം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇതോടെ യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാങ്കിന് പരാതിയും നൽകിയിരുന്നു. ഇത്തരത്തിലുളള പല സംഭവങ്ങളും കേൾക്കുമ്പോൾ ലോക്കറിൽ വിലപിടിപ്പുളള വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നവർക്ക് ചില ആശങ്കകൾ ഉണ്ടായേക്കാം. ഇന്നത്തെ കാലത്ത് ഒട്ടുമിക്കവരും സ്വർണാഭരണങ്ങൾ ബാങ്ക് ലോക്കറുകളിലാണ് സൂക്ഷിക്കുന്നത്. ഇങ്ങനെയുളളവർ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർബിഐ) പുറത്തിറക്കിയ ചില നിയമങ്ങൾ ഉറപ്പായും അറിയേണ്ടതുണ്ട്.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിവിധ ബാങ്കുകളുടെ ലോക്കർ സംവിധാനങ്ങൾ ആർബിഐയുടെ കൃത്യമായ നിയമങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നത്. 2021 മുതൽ ആർബിഐ ഈ നിയമങ്ങളിൽ പുതിയ നിയന്ത്രണങ്ങളും പുറപ്പെടുവിക്കുകയുണ്ടായി. ഉപഭോക്താവിന്റെ ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളുടെ രേഖകൾ സൂക്ഷിക്കാൻ അതത് ബാങ്കുകൾക്ക് അവകാശമില്ല. അതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്താനും ബാങ്കുകൾക്ക് അധികാരമില്ല. എന്നിരുന്നാലും ഈ വിഷയത്തിൽ ഉപഭോക്താവ് എന്തെങ്കിലും കൃത്രിമം കാണിക്കുകയോ വസ്തുക്കൾ മോഷണം പോകുകയോ ചെയ്താൽ ബാങ്കുകളായിരിക്കും ഉത്തരവാദിത്വം ഏ​റ്റെടുക്കേണ്ടത്. ബാങ്കുകളുടെ അശ്രദ്ധയോ തെ​റ്റോ കാരണമായി സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ മോഷണം പോകുന്നതെങ്കിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാനുളള ഉത്തരവാദിത്തം ബാങ്കിനാണ്.


നഷ്ടപരിഹാരം
റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ നിർദ്ദേശപ്രകാരം, ബാങ്കിന്റെ അശ്രദ്ധ മൂലമാണ് ഉപഭോക്താവ് ലോക്കറിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ നഷ്ടപ്പെട്ടതെങ്കിൽ, വാർഷിക ലോക്കർ വാടകയുടെ 100 മടങ്ങ് വരെ ബാങ്ക് നൽകേണ്ടി വരും. ഉദാഹരണത്തിന് നിങ്ങൾ വാർഷിക ലോക്കർ വാടകയായി 3000 രൂപയാണ് നൽകുന്നതെങ്കിൽ, നഷ്ടപരിഹരം പരമാവധി 3,00,000 രൂപയായിരിക്കും. അതേസമയം, ലോക്കറിൽ നിന്ന് ആഭരണങ്ങൾ നഷ്ടപ്പെട്ടത് ബാങ്കിന്റെ അശ്രദ്ധ കാരണമല്ലെന്ന് തെളിഞ്ഞാൽ, ബാങ്കിന് ഉത്തരവാദിത്തമുണ്ടാകണമെന്നില്ല. അത്തരം സംഭവങ്ങളിൽ ബാങ്കുകൾ വിശദമായ പരിശോധനകൾ നടത്തും. ബാങ്കിന്റെ ഭാഗത്ത് നിന്ന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് തെളിഞ്ഞാൽ, ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ ബാങ്ക് ബാദ്ധ്യസ്ഥരല്ല.


നിങ്ങളുടെ ബാങ്ക് ലോക്കറിൽ കൃത്രിമം നടന്നാൽ എന്തുചെയ്യണം?
1. പൊലീസിൽ ഉടൻ തന്നെ പരാതിപെടണം.
2. ബാങ്കിൽ രേഖാമൂലമുളള പരാതി നൽകണം.
3. ലോക്കർ ഏരിയയിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറാൻ ബാങ്കിനോട് അഭ്യർത്ഥിക്കണം.
4. ബാങ്കിന്റെ പ്രതികരണം തൃപ്തികരമല്ലെങ്കിൽ ആർബിഐയ്ക്ക് നേരിട്ട് പരാതി നൽകാവുന്നതാണ്.


ബാങ്ക് ലോക്കറിന്റെ പൊതുനിയമങ്ങൾ
1. ഉപഭോക്താവ് ലോക്കറിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ എന്താണെന്നറിയാനോ അന്വേഷിക്കുകയോ ചെയ്യില്ല.
2. ഉപയോഗ നിബന്ധനകളും വ്യവസ്ഥകളും വിശദീകരിച്ചതിനുശേഷം ബാങ്കും ഉപഭോക്താവും തമ്മിൽ ഒരു ലോക്കർ കരാറിൽ ഒപ്പിടുന്നു.


ലോക്കറിന്റെ താക്കോലുകൾ ആരുടെ കൈവശമാണ്?
1. ബാങ്ക് ലോക്കറുകൾ ഇരട്ട ലോക്ക് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. ഒരു താക്കോൽ ഉപഭോക്താവിന്റെ കൈവശവും മ​റ്റൊന്ന് ബാങ്കിൽ സൂക്ഷിക്കുന്ന മാസ്​റ്റർ കീയായിരിക്കും.
2.ലോക്കറിന്റെ പൂർണമായ ഉത്തരവാദിത്തം ബാങ്കിനായിരിക്കും.


വാടക
ബാങ്ക് ലോക്കറിന്റെ വാർഷിക വാടക പ്രധാനമായും രണ്ട് ഘടകങ്ങളെ ആശ്രയിച്ചിരിക്കും.

  • ലോക്കറിന്റെ വലിപ്പം; നാല് തരത്തിലുളള ലോക്കറുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാണ്. ചെറുത്, ഇടത്തരം, വലുത്, അധികം വലുത് എന്നിങ്ങനെയാണ്.
  • ബാങ്ക് ശാഖയുടെ ആസ്ഥാനം; ബാങ്ക് എവിടെയാണ് പ്രവർത്തിക്കുന്നതെന്ന് അനുസരിച്ചാണ് വാടക നിശ്ചയിക്കപ്പെടുന്നത്. ഉദാഹരണത്തിന് ഗ്രാമങ്ങൾ, നഗരങ്ങൾ, മെട്രോ നഗരങ്ങൾ എന്നിവിടങ്ങളിലെ ബാങ്ക് ലോക്കറുകൾക്ക് വ്യത്യസ്ത നിരക്കുകളായിരിക്കും.

നിരക്കുകൾ

  • ചെറിയ ലോക്കർ; ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന ബാങ്കുകളിലെ ചെറിയ ലോക്കറുകളിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിന് 1000 രൂപ മുതൽ 2000 രൂപ വരെയായിരിക്കും വാർഷിക വാടക. മെട്രോ നഗരങ്ങളിൽ പ്രവർത്തിക്കുന്ന ബാങ്കുകളിലെ ചെറിയ ലോക്കറുകളിൽ സാധനങ്ങൾ സൂക്ഷിക്കുന്നതെങ്കിൽ വാർഷിക വാടക 2000 രൂപ മുതൽ 3000 രൂപ വരെയായിരിക്കും.
  • ഇടത്തരം ലോക്കർ; ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന ബാങ്കുകളിലെ ഇടത്തരം ലോക്കറുകളിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിന് 2500 രൂപ മുതൽ 4000 രൂപ വരെ വാർഷിക വാടക നൽകണം. മെട്രോ നഗരങ്ങളിൽ പ്രവർത്തിക്കുന്ന ബാങ്കുകളിലെ ഇടത്തരം ലോക്കറുകളിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിന് 4000 രൂപ മുതൽ 6000 രൂപ വരെ വാർഷിക വാടക നൽകണം.
  • വലിയ ലോക്കർ; ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന ബാങ്കുകളിലെ വലിയ ലോക്കറുകളിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിന് 5000 രൂപ മുതൽ 8000 രൂപ വരെ വാർഷിക വാടകയായി നൽകണം. മെട്രോ നഗരങ്ങളിൽ പ്രവർത്തിക്കുന്ന ബാങ്കുകളിലെ വലിയ ലോക്കറുകളിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിന് 8000 രൂപ മുതൽ 12,000 രൂപ വരെ വാർഷിക വാടകയായി നൽകണം.
  • അധികം വലിയ ലോക്കർ; ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന ബാങ്കുകളിലെ അധികം വലിയ ലോക്കറിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിന് 8000 രൂപ മുതൽ 12,000 രൂപ വരെ വാർഷിക വാടകയായി നൽകണം. മെട്രോ നഗരങ്ങളിൽ പ്രവർത്തിക്കുന്ന ബാങ്കുകളിലെ അധികം വലിയ ലോക്കറുകളിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിന് 14,000 രൂപ മുതൽ 20,000 രൂപ വരെ വാർഷിക വാടകയായി നൽകണം.

ശ്രദ്ധിക്കേണ്ടത്

  • ലോക്കർ വാടകയ്ക്ക് 18 ശതമാനം ജിഎസ്ടി ബാധകമാണ്.
  • ലോക്കർ വാടക വർഷത്തിലൊരിക്കൽ മുൻകൂറായി അടച്ചിരിക്കണം.
  • ബാങ്ക് അക്കൗണ്ട് വഴിയോ പണമായോ ചെക്കായോ വാടക അടയ്ക്കാം.
  • ലോക്കർ വാടക കൃത്യസമയത്ത് അടച്ചില്ലെങ്കിൽ അധിക ഫീസും ഈടാക്കും.


ആർബിഐയുടെ മാർഗനിർദ്ദേശങ്ങളനുസരിച്ച്, ലോക്കറുകളുളള ബാങ്കുകളിൽ തീപിടുത്തം, വെളളപ്പൊക്കം പോലുളള പ്രകൃതിദുരന്തങ്ങൾ എന്നിവയ്‌ക്കെതിരെ സുരക്ഷാനടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കണമെന്നില്ല. എന്നിരുന്നാലും ബാങ്കിന്റെ അശ്രദ്ധ മൂലം എന്തെങ്കിലും നാശനഷ്ടം സംഭവിച്ചാൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ബാങ്ക് ബാദ്ധ്യസ്ഥമായിരിക്കും.കൂടാതെ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ ഇൻഷ്വർ ചെയ്യാനും കഴിയില്ല. വസ്തുക്കളുടെ പൂർണ ഉത്തരവാദിത്തം ഉപഭോക്താവിന് മാത്രമായിരിക്കും.


ബാങ്ക് ലോക്കറുകൾ എത്ര തവണ തുറക്കാം?
സ്‌​റ്റേ​റ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെയും മ​റ്റ് ബാങ്കുകളുടെയും നിയമങ്ങൾ അനുസരിച്ച് ഉപഭോക്താക്കൾക്ക് ലോക്കറുകളിൽ പ്രവേശിക്കുന്നതിന് ഒരു നിശ്ചിത പരിധിയുണ്ട്. അത് കഴിഞ്ഞാൽ ഓരോ അധിക സന്ദർശനത്തിനും നിശ്ചിത നിരക്ക് ഈടാക്കും. സാധാരണയായി ലോക്കറിന്റെ വലിപ്പം പരിഗണിക്കാതെ പ്രതിവർഷം 12 സന്ദർശനങ്ങൾ ലോക്കറുകളിൽ ഉപഭോക്താക്കൾക്ക് അനുവദനീയമാണ്. ബാങ്കുകളുടെ നിയമങ്ങളെയും സ്ഥലങ്ങളെയും അനുസരിച്ച് ഈ നിയമങ്ങളിൽ കുറച്ച് മാ​റ്റങ്ങൾ വന്നേക്കാം.